കാഞ്ഞങ്ങാട് കൊളത്തൂരിൽ വനം വകുപ്പ് കൂട്ടിൽ പുലി കുടുങ്ങി


കാഞ്ഞങ്ങാട് : കൊളത്തൂർ നിടുവോട്ട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഞായറാഴ്ച്ചരാത്രി ഒമ്പതോടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലി കുടുങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കൂട്ടിൽ നായയെ കെട്ടി രണ്ടു ദിവസം മുമ്പാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.
കൂട്ടിലുള്ള നായയെ പുലി കൊന്നിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കൊണ്ടു പോയി. മാസങ്ങളായി മുളിയാർ, കാറഡുക്ക, ബേഡഡുക്ക പഞ്ചായത്തുകളിൽ ഭീതി പടർത്തി പുലി സാന്നിധ്യമുണ്ടായിരുന്നു.
രണ്ടാഴ്‌ച മുമ്പ് ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള മഴക്കാലത്ത് വെള്ളമൊഴുകുന്ന ചെറിയ തുരങ്കത്തിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയിരുന്നു.

മയക്കുവെടി വെച്ച് പിടി കൂടാനുള്ള ശ്രമത്തിനിടെ അന്ന് പുലി രക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്ത് കൂടും ക്യാമറയും സ്ഥാപിക്കുന്ന നടപടിയിലേക്ക് വനംവകുപ്പ് കടന്നത്