'മരിക്കും വരെ താന്‍ പാര്‍ട്ടി സെക്രട്ടറിയാണെന്നാണ് കോടിയേരി വിശ്വസിച്ചിരുന്നത്'; സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാര്യാസഹോദരന്‍ എസ്.ആര്‍. വിനയകുമാര്‍
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരന്‍ എസ്.ആര്‍. വിനയകുമാര്‍. കോടിയേരിയെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ വിവരം പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്നും, മരണം വരെ താന്‍ തന്നെയാണ് പാര്‍ട്ടി സെക്രട്ടറിയെന്ന് വിശ്വസിച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്നും വിനയകുമാര്‍ ആരോപിച്ചു. സിപിഎം വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെയാണ് കോടിയേരിയുടെ അവസാന നാളുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ അദ്ദേഹം നടത്തിയത്.
കോടിയേരിയുടെ നിര്‍ദേശപ്രകാരമാണ് എം.വി. ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയായി നിയമിച്ചതെന്ന സിപിഎമ്മിന്റെ വാദം വിനയകുമാര്‍ പൂര്‍ണ്ണമായും തള്ളി. രോഗബാധിതനായിരുന്ന കോടിയേരിയെ ഇരുട്ടില്‍ നിര്‍ത്തിയാണ് നേതൃത്വം ഇത്തരമൊരു തീരുമാനമെടുത്തത്. കോടിയേരിയോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.വി. ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന ദിവസം പിണറായി വിജയന്‍, സീതാറാം യെച്ചൂരി, എം.എ. ബേബി എന്നിവര്‍ കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു. എന്തിനാണ് കേന്ദ്ര നേതാക്കള്‍ വന്നതെന്ന് കോടിയേരി ചോദിച്ചെങ്കിലും സ്ഥാനമാറ്റത്തെക്കുറിച്ച് ആരും അദ്ദേഹത്തെ അറിയിച്ചില്ല. യോഗത്തിന് ശേഷം മടങ്ങിയെത്തിയ പിണറായിയും യെച്ചൂരിയും ബേബിയും കോടിയേരിയുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി.
അവര്‍ പോയ ഉടന്‍ താനും സഹോദരിയും മുറിയില്‍ കയറി കാര്യം തിരക്കിയപ്പോള്‍, അന്തരിച്ച ബംഗാള്‍ നേതാവ് അനില്‍ ബിശ്വാസിനെക്കുറിച്ചാണ് സംസാരിച്ചതെന്നാണ് കോടിയേരി മറുപടി നല്‍കിയത്. അന്നേദിവസം വൈകീട്ട് നാല് മണിയോടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദന്‍ വീട്ടിലെത്തിയപ്പോഴും, പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടായോ എന്ന കോടിയേരിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയതെന്നും വിനയകുമാര്‍ പറഞ്ഞു.
കോടിയേരിയുടെ കുടുംബവും സിപിഎം നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയുള്ള ഈ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ വിനയകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി തയ്യാറായില്ല. അതേസമയം, പാര്‍ട്ടി വിടുമ്പോള്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്നും ഇത്തരം പരാമര്‍ശങ്ങളെ പാര്‍ട്ടി ഗൗരവമായി കാണുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.
.jpg)

