കെ.വി. സുമേഷ് എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണം: കെ.കെ. വിനോദ് കുമാർ

Vigilance investigation should be conducted against KV Sumesh MLA: KK Vinod Kumar


കണ്ണൂർ: അഴീക്കോട് എംഎൽഎ കെ.വി. സുമേഷിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ. അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ ബിജെപി അഴീക്കോട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കെ.വി. സുമേഷ് നടത്തിയ സാമ്പത്തിക ഇടപാടുകളും വരുമാന സ്രോതസ്സുകളും അന്വഷിക്കണം. വൻകുളത്ത് വയലിൽ നേരത്തെയുള്ള സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ കെട്ടാൻ ഒരു കോടി രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ചത്. 

tRootC1469263">

എന്നാൽ ചുറ്റുമതിൽ കെട്ടാൻ 35 ലക്ഷത്തിലധികം രൂപ ചെലവാകില്ല എന്നതാണ് വസ്തുത. ബാക്കി പണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കാൻ സിപിഎം നേതൃത്വം തയ്യാറാകണം. വളപട്ടണം ക്ഷേത്രത്തിനടുത്ത റോഡ് വീതികൂട്ടുന്നതിന് വേണ്ടി 65 ലക്ഷം രൂപയാണ് അനുവദിച്ചത്. വളപട്ടണത്തെ ഒരു പള്ളി നവീകരിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ചു.ചില സ്വകാര്യ സംരംഭങ്ങൾക്ക് എംഎൽഎ ഫണ്ട് ഉപയോഗിക്കുന്നു. ഇത്തരത്തിൽ സംരംഭങ്ങൾക്ക് കൂടുതൽ തുക അനുവദിക്കുന്നത് വെട്ടിപ്പ് നടത്താനാണ്. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ 58 ലക്ഷം രൂപയ്ക്ക് നിർമ്മച്ച ഓഡിറ്റോറിയം നവീകരണത്തിന് രണ്ടരക്കോടി രൂപയാണ് അനുവദിച്ചത്. അവിടെ എത്ര രൂപയാണ് ചെലവ് വന്നത്. ജനങ്ങൾ ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് ഒരു കോടി 90 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്നാണ്. 

എന്നാൽ വിവരാവകാശ രേഖകളിൽ പറയുന്നത് 2,48,50,000 രൂപ ചെലവഴിച്ചുവെന്നാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട് അടങ്കൽ തുക പ്രദർശിപ്പിക്കാത്തത് സംശയാസ്പദമാണ്. കെ.വി. സുമേഷ് ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നാണ് ഭക്തരുടെ വിശ്വാസം. ഇതേ ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ വകയിരുത്തിയത് 63 ലക്ഷം രൂപയാണ്. എന്നാൽ അതിന്റെ പകുതിപോലും അവിടെ ചെലവഴിച്ചിട്ടില്ല.
പൊതുജനങ്ങളുടെ ഫണ്ടിൽ കൈയിട്ട് വാരുന്ന മൂരാച്ചിക്കള്ളനായി എംഎൽഎ മാറി. ക്ഷേമപെൻഷൻ നൽകാൻ പോലും ഫണ്ടില്ലാത്ത സമയത്താണ് ഇത്തരത്തിലുള്ള കൊള്ള നടക്കുന്നത്. സർക്കാരിന് ഫണ്ടില്ലെങ്കിലും ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ കയ്യിൽ കോടികളുണ്ട്. വികസന സമിതി യോഗങ്ങളിൽ മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു കാര്യം പോലും ഉന്നയിക്കാൻ എംഎൽഎക്കായില്ലെന്നും മണ്ഡലത്തിന്റെ വികസന മുരടിപ്പിന് കാരണം എംഎൽഎയുടെ കെടുകാര്യസ്ഥതയാണെന്നും കെ.കെ. വിനോദ് കുമാർ പറഞ്ഞു.

ബിജെപി ജില്ലാ സെക്രട്ടറി അർജ്ജുൻ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു.ഒബിസി  മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. വിനോദ് കുമാർ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ. സന്തോഷ് കുമാർ, ജില്ലാ ട്രഷറർ പി.കെ. ശ്രീകുമാർ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി.വി. അരുണാക്ഷൻ, ടി. ജ്യോതി, എൻ.പി. ഹരിപ്രിയ എന്നിവർ സംസാരിച്ചു.  ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവൻ സ്വാഗതവും അഴീക്കോട് മണ്ഡലം സെക്രട്ടറി പി. മഹേഷ് നന്ദിയും പറഞ്ഞു.

Tags