വടക്കൻ കേരളത്തിൽ ആദ്യം റോബോട്ടിക് വൃക്ക മാറ്റിവെക്കൽ പൂർത്തിയാക്കി കിംസ് ശ്രീചന്ദ്
കണ്ണൂർ: ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതനമായ കാല്‍വെപ്പായി, റോബോട്ട് ഉപയോഗിച്ചുള്ള വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കിംസ് ശ്രീചന്ദ് ആശുപത്രി. കഴിഞ്ഞ ഡിസംബർ 12നാണ് റോബോട്ടിക് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയായ 36 വയസുള്ള രോഗിക്ക് ഭാര്യയാണ് വൃക്ക ദാനം ചെയ്തത്. വൃക്ക സ്വീകരിച്ച യുവാവിനെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയായതിനാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ രോഗി ആരോഗ്യവാനായി എന്നത് പ്രത്യേകതയാണ്. സങ്കീർണമായ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് റോബോട്ടിന്റെ സഹായത്തോടെ സൂക്ഷ്മമായും കൃത്യതയോടെയും ഡോക്ടർമാർക്ക് പൂർത്തിയാക്കാൻ സാധിച്ചത്.
tRootC1469263">ദക്ഷിണേന്ത്യയിൽ തന്നെ റോബോട്ടിക് വൃക്ക ശസ്ത്രക്രിയയിൽ അഗ്രഗണ്യരായ ഡോ. മോഹൻ കേശവമൂർത്തിയുടെയും ഡോ. കാർത്തിക് റാവുവിന്റെയും സാന്നിധ്യമാണ് ഈ ചികിത്സാ രീതി കണ്ണൂരിൽ സാധ്യമാക്കിയത്.
നെഫ്രോളജിസ്റ്റ് ഡൊ. ടോം ജോസ് കാക്കനാട്ട്, യൂറോളജിസ്റ്റ് ഡോ. അമൽ ജോർജ്, ഡോ. ടി.പി ദിൽഷാദ്, ഡോ. എ.കെ ഫയാസ്, ഡോ. കെ. അഷ്ഫൽ, ഡോ. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വലിയ മെഡിക്കൽ ടീമിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
അതിനൂതനമായ ഡാവിഞ്ചി റോബോട്ടിക് സിസ്റ്റമാണ് ശസ്ത്രക്രിയക്കായി ഉപയോഗിച്ചത്. വളരെയധികം ഡയാലിസിസ് രോഗികളുള്ള കണ്ണൂർ ജില്ലയിൽ ഇവിടതന്നെ വൃക്ക മാറ്റിവെക്കൽ സാധിക്കുന്നത് രോഗികൾക്ക് ഏറെ സഹായകമാകും.
ചെറിയ മുറിവിലൂടെ വൃക്ക മാറ്റിവെക്കൽ നടത്തുവാന്‍ കഴിയുന്നുവെന്നതാണ് റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ പ്രത്യേകത. കൂടാതെ രക്തസ്രാവം വളരെ കുറവായിരിക്കും. രോഗിക്ക് വേദനയും അണുബാധയും ആശുപത്രിവാസവും കുറയ്ക്കാനും സാധിക്കും. വടക്കൻ കേരളത്തിലെ മെഡിക്കൽ രംഗത്ത് ചരിത്രപരമായ നാഴികകല്ലാണിതെന്നും ആശുപത്രി പ്രവർത്തനം തുടങ്ങി ഒരുവർഷത്തിനകം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ റോബോട്ടിക് സഹായത്തോടെ നടത്താനായത് അഭിമാന നേട്ടമാണെന്ന് കേരള ക്ലസ്റ്റർ സി.ഇ.ഒ ഫർഹാൻ യാസീൻ അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളും അനുഭവസമ്പത്തുള്ള ഡോക്ടർമാരും നഴ്‌സിങ്, പാരാമെഡിക്കൽ ജീവനക്കാരും ഉൾക്കൊണ്ട വിദഗ്ധസംഘത്തിന്റെ മികവാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് യൂണിറ്റ് മേധാവി ഡോ. ദിൽഷാദ് അറിയിച്ചു.
.jpg)


