കെജി മാരാർ സ്മൃതി മണ്ഡപം ഉദ്ഘാടനം നാളെ; ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ മണ്ഡപം ഉദ്ഘാടനം ചെയ്യും
കണ്ണൂർ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ ജി മാരാരുടെ സ്മരണക്കായി പയ്യാമ്പലത്ത് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മാരാർജി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം മാരാർജിയുടെ 92ാം ജന്മവാർഷികമായ നാളെ (17.09.2026) നടക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച മാരാർജിയുടെ 14 അടി ഉയരമുള്ള പ്രതിമ ഉൾപ്പെടുന്നതാണ് സ്‌മൃതി മണ്ഡപം. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ മണ്ഡപം ഉദ്ഘാടനം ചെയ്യും. ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്‌ണദാസ് അനുസ്‌മരണ പ്രഭാഷണം നടത്തും. ആർഎസ് എസ് ഉത്തര പ്രാന്ത സംഘ ചാലക് അഡ്വ. കെ.കെ. ബാലറാം, ഹിന്ദു ഐക്യ വേദി സംസ്ഥാന വൈസ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി, ബി ജെ പി ദേശീയ സമിതി അംഗം കെ പി ശ്രീശൻ മാസ്റ്റർ തുടങ്ങി നിരവധി സംഘപരിവാർ നേതാക്കളും പ്രവർത്തകരും സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ , ടി.സി. മനോജ്, ട്രഷറർ പി.കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
മാരാർജി സ്മൃതി മണ്ഡപം നിർമ്മാണം 36 ദിവസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.14 അടി ഉയരത്തിലും 12 അടിവീതിയിലും ചുട് ഇഷ്‌ടികയും സിമൻ്റു മണലും ഉപയോഗിച്ച് സിറാമിക് ടൈൽസിൽ പൂർത്തിയാക്കിയ സ്‌മൃതിമണ്ഡപത്തിൽ മൂന്നര അടി ഉയരമുള്ള മാരാർജിയുടെ അർദ്ധകായ ഫൈബർ ശില്പവും ഉണ്ട്. കടൽകാറ്റും നല്ല വെയിലും കൊള്ളുന്ന സ്ഥലമായത് കൊണ്ട് കാലാകാലങ്ങളോളം നിലനിൽക്കുന്ന രീതിയിലാണ് സ്‌മൃതിമണ്ഡപത്തിൻ്റെ നിർമ്മാണം.
അതുകൊണ്ടാണ് പല നിറത്തിലുള്ള സിറാമിക്ടൈൽസ് വളരെ ചെറിയ കഷ്‌ണങ്ങളാക്കി സമൃതിമണ്ഡപത്തിൽ പിടിപ്പിച്ചത്. അതുപോലെ ഉപ്പ് കാറ്റിനേയും ചൂടിനെയും അതിജീവിക്കാൻ വേണ്ടിയാണ് മാരാർജിയുടെ ശില്പം ഫൈബർ ഗ്ലാസിൽ നിർമ്മിച്ചത്. ചെറു പുഞ്ചിരിയോടെയുള്ള
ശില്പം ആദ്യം കളിമണ്ണിൽ നിർമ്മിച്ച് പ്ലാസ്റ്റർഓഫ് പാരീസിൽ മോൾഡ് എടുത്ത ശേഷം ഫൈബർഗ്ലാസിൽ കാസ്‌റ്റ്ചെയ്ത് ശില്പത്തിന് വെങ്കല നിറം പൂശുകയായിരുന്നു.36 ദിവസം കൊണ്ട് രാവും പകലും കഠിനാധ്വാനത്തിലൂടെയാണ് സ്‌മൃതി മണ്ഡപം പൂർത്തി യാക്കാനായത്. പയ്യാമ്പലത്ത് ശില്പത്തോട് കൂടിയ ആദ്യത്തെ സ്‌മൃതി മണ്ഡപമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് രൂപകല്പന ചെയ്തത്.
.jpg)

