തലശേരിയിലെ പലിശരഹിത സ്വർണ വായ്പ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
തലശേരി: പലിശരഹിത സ്വർണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി അറസ്റ്റിൽ. എടക്കാട് ഉസ്സൻമുക്ക് സ്വദേശി പി.പി. ഇസ്മയിലിനെയാണ് (42) ധർമടം പോലീസ് കൊച്ചിയിൽ വച്ച് അറസ്റ്റ് ചെയ്തത്. തലശേരി ജനറൽ ആശുപത്രിക്ക് സമീപത്തെഹാർബർ സിറ്റി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിൻറെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. പരാതിക്കാരിയായ ധർമടം സ്വദേശിനിയെ ഇസ്മയിൽ ഉൾപ്പടെയുള്ള അഞ്ചു പ്രതികൾ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിതമായി സ്വർണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ചു.
tRootC1469263">വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വച്ച അതേ സ്വർണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം. 2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണാഭരണങ്ങൾ പരാതിക്കാരിയിൽ നിന്നും പ്രതികൾ കൈക്കലാക്കി. കൂടാതെ സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപയും വാങ്ങി. പണം കൈപ്പറ്റിയ ശേഷവും പണയ സ്വർണമോ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. മറ്റു പ്രതികളായ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി ഇ.പ്രകാശൻ (66), വടക്കുംമ്പാട് തോട്ടുമ്മൽ സ്വദേശി മുഹമ്മദ് സി.ഷിബിൽ (39), വടക്കുംമ്പാട് സ്വദേശി അബ്ദുസലിം (54), എടക്കാട് ഉസ്സൻ മുക്ക് സ്വദേശി അഫ്സൽ (47) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സമാന രീതിയിൽ മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതിന് ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 35 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
തലശേരി എഎസ്പി ഡോ. നന്ദഗോപൻറെ നിർദേശ പ്രകാരം ധർമടം എസ്ഐ ജെ. ഷജീം, സിപിഒ ഹരിനാഥ്, എഎസ്പി സ്ക്വാഡ് അംഗങ്ങളായ സിപിഒ രതീഷ്, സിപിഒ ശ്രീലാൽ എന്നിവർ ചേർന്ന് എറണാകുളം നോർത്ത് പോലീസിൻറെ സഹായത്തോടെയാണ് ഒളിവിൽ കഴിഞ്ഞു വന്നപ്രതിയെ അറസ്റ്റ് ചെയ്തത്.
.jpg)


