കേരള ഗസറ്റഡ് ഓഫീസേർസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ജനുവരി എട്ടിന് കണ്ണൂരില്‍ തുടക്കമാകും

Kerala Gazetted Officers Federation state conference to begin in Kannur on January 8


കണ്ണൂർ: കേരള ഗസറ്റഡ് ഓഫീസേർസ് ഫെഡറേഷന്റെ (കെജി ഒ എഫ്) മുപ്പതാം സംസ്ഥാന സമ്മേളനം ജനുവരി 9, 10 ,11 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഒമ്പതിന് കാലത്ത് സംസ്ഥാന കമ്മിറ്റി, സംസ്ഥാന കൗൺസിൽ യോഗം എന്നിവയ്ക്ക് ശേഷം വൈകിട്ട് 3 മണിക്ക് സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം  സ്വാഗതസംഘം ചെയര്‍മാന്‍ സിപി സന്തോഷ് കുമാറിന്റെ  അധ്യക്ഷതയില്‍ റവന്യൂ  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ടി ജോസ്, കിസാൻ  സഭ സംസ്ഥാന ട്രഷറർ സിപി ഷൈജൻ എന്നിവർ സംസാരിക്കും.   തുടർന്ന് നടക്കുന്ന സാംസ്കാരിക സന്ധ്യയിൽ അലോഷി ആദം അവതരിപ്പിക്കുന്ന അലോഷി പാടുന്നു എന്ന പരിപാടി നടക്കും.

tRootC1469263">

10 ന് രാവിലെ സമ്മേളന നഗരിയായ ദിനേശ് ഓഡിറ്റോറിയം പരിസരത്ത് സംസ്ഥാന പ്രസിഡന്റ് കെ ആർ ബിനു പ്രശാന്ത് പതാക ഉയർത്തുന്നതോടെ പ്രതിനിധിസമ്മേളനത്തിന് തുടക്കമാവും. 10. 30 ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.  സംസ്ഥാന പ്രസിഡന്റ് കെ ആർ ബിനു പ്രശാന്ത് അധ്യക്ഷത വഹിക്കും.ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തും. സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ പി രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, അധ്യാപക സർവീസ് സംഘടന  സമര സമിതി കൺവീനർ കെ പി ഗോപകുമാർ,  അധ്യാപക സർവീസ് സംഘടന  സമര സമിതി ചെയർമാൻ  ഒ കെ ജയകൃഷ്‌ണൻ എന്നിവർ പ്രസംഗിക്കും. വൈകിട്ട് നാലിന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ വി നൗഫലിന്റെ അധ്യക്ഷതയിൽ സൂഹൃത്ത് സമ്മേളനം ആരംഭിക്കും. മൃഗസംരക്ഷണ സംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിക്കും. 

കെ ജി ഒ എഫ് സ്ഥാപക പ്രസിഡൻ്റ് എസ് ഹനീഫ റാവുത്തർ, ഡബ്ല്യു സി സി സംസ്ഥാന ജനറൽ സെക്രട്ടറി എം എം ജോർജ്, എഐ എസ് എഫ് സംസ്ഥാന സെക്രട്ടറി  അധിൻ എ, കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുധികുമാർ എസ്, സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ പ്രസിഡൻ്റ് സുകേശൻ ചൂലിക്കാട്, പി എഫ് സി ടി ജനറൽ സെക്രട്ടറി പ്രൊഫസർ ടി ജി ഹരികുമാർ, കെ എൽ എസ് എസ് എഫ്  ജനറൽ സെക്രട്ടറി വിനോദ് വി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിക്കും.  
ആറുമണിക്ക് സാംസ്ക്‌കാരിക സമ്മേളനം പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും. കെ ജി ഒ എഫ് സംസ്ഥാന  വൈസ് പ്രസിഡന്റ് എം എസ്‌ ശ്രീജ അധ്യക്ഷത വഹിക്കും. സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി പങ്കെടുക്കും.  ഏഴു മണിമുതൽ കെജിഒഎഫ് ഗസൽ സംസ്‌കാരിക വേദിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും.

11 ന് രാവിലെ 11 മണിക്ക് ലേബർ കോഡും ഇന്ത്യൻ തൊഴിൽ മേഖലയും എന്ന വിഷയത്തിൽ സെമിനാർ നടക്കും. കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ ജി ഒ എഫ്  സംസ്ഥാന സെക്രട്ടറി ബി എം പ്രദീപ് മോഡറേറ്റർ ആയിരിക്കും.  റിട്ടയേഡ് ജോയിൻ്റ് ലേബർ കമ്മിഷണർ ബേബി കാസ്ട്രോ വിഷയാവതരണം നടത്തും. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ,  കെ ജി ഒ എഫ് മുൻ സംസ്ഥാന പ്രസിഡൻ്റ്  ഡോ ജെ ഹരികുമാർ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് മോഹൻ എസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും.   തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും .

കേരളത്തിലെ 14 ജില്ലാ സമ്മേളനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.  വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി പി സന്തോഷ് കുമാർ, സംസ്ഥാന പ്രസിഡന്റ് കെ ആർ ബിനു പ്രശാന്ത്, ജനറൽ സെക്രട്ടറി വി എം ഹാരിസ്, ട്രഷറർ എം എസ് വിമൽകുമാർ, ജനറൽ കൺവീനർ കെ കെ ആദർശ്,  ജില്ലാ സെക്രട്ടറി പ്രമോദ് ഇ എന്നിവർ പങ്കെടുത്തു.

Tags