കോൺഗ്രസിൽ മഞ്ഞുരുകുന്നു: ഇടഞ്ഞു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ കെ.സി കണ്ണൂരിലെത്തും


കണ്ണൂർ: കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരവെ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി കെ.സുധാകരൻ കൂടിക്കാഴ്ച്ച നടത്തും. 25ന് കണ്ണൂരിലെത്തുന്ന കെ.സി വേണുഗോപാൽ ഈക്കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ നിലപാട് സുധാകരനെ അറിയിക്കും.
കെ.പി.സി.സി അദ്ധ്യക്ഷ പദവിയെ ചൊല്ലി പാർട്ടിയിൽ അണിയറ വിവാദങ്ങൾ കൊടുമ്പിരി കൊള്ളവേ തന്നെ അപമാനിച്ചു വിട്ടാൽ എംപി സ്ഥാനമുൾപ്പെടെ രാജി വയ്ക്കുമെന്ന മുന്നറിയിപ്പ് സുധാകരൻ നൽകിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിവാദം അവസാനിപ്പിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. താൽക്കാലികമായ സമവായമെന്ന നിലയിൽ കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റേണ്ട എന്ന നിലപാടിലാണ് ദേശീയ നേതൃത്വം.
എന്നാൽ സുധാകരനെ അദ്ധ്യക്ഷ പദവിയിൽ നിലനിർത്തി പ്രവർത്തനത്തിൽ സജീവമല്ലാത്ത കെ.പി.സി.സി ഭാരവാഹികളെ പുന:സംഘടനയുടെ ഭാഗമായി നീക്കാൻ തീരുമാനിച്ചിട്ടുണ്ട്. വയനാട്, തൃശൂർ ഡിസിസി പ്രസിഡൻ്റുമാരെയും മാറ്റിയേക്കാം. ഡിസി.സി ട്രഷറർ എൻ എം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് വയനാട് ഡി.സി.സി പ്രസിഡൻ്റ് അപ്പച്ചനെ മാറ്റുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്ത് എത്തിയതാണ് തൃശൂർ ഡി.സി.സി പ്രസിഡൻ്റിന് വിനയായത്.