വന്യജീവി ആക്രണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമായതിനാൽമലയോര മേഖല ദുരിതത്തില്‍: കെ സി വേണുഗോപാല്‍ എം പി
പേരാവൂർ :മലയോര കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്ന വന്യജീവി ആക്രമണത്തെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍പരാജയമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പേരാവൂർ നിയോജകമണ്ഡലത്തിലെ കേളകത്ത് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് സമയത്തും വന്യജീവികള്‍ ജീവന്‍ കവരുമെന്ന അവസ്ഥയാണ് കേരളത്തില്‍ ഇന്നുള്ളത്. ജീവഹാനിക്കും കൃഷി നാശത്തിനും ഒരു സഹായവും സര്‍ക്കാര്‍ ചെയ്യുന്നില്ല. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വന്യജീവി ആക്രമണം തടയാന്‍ നടപടിയില്ലെന്ന് മാത്രമല്ല ഈ വിഷയത്തില്‍ ഒരു ചര്‍ച്ചപോലും നടക്കുന്നില്ല. 5000 രൂപ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞ ഇടത് സര്‍ക്കാര്‍ പിന്നീട് പദ്ധതിയില്‍ നിന്ന് പിന്‍മാറി. ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും അടക്കം നിരവധി നേതാക്കള്‍ സി പി എമ്മില്‍ നിന്നും വിട്ടുവരുന്നത് പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. നേതാക്കളുടെ പ്രസംഗത്തിന് കൈയടിക്കാന്‍പോലും പാര്‍ട്ടി അണികളെ കിട്ടാത്ത ഗതികേടിലേക്ക് സി പി എം മാറിക്കഴിഞ്ഞു.കേരളം വിലക്കയറ്റമെന്ന അതീവ ഗുരുതര അവസ്ഥയിലൂടെ കടന്നു പോവുകയാണ്. ഉമ്മന്‍ചാണ്ടിക്കാലത്തേതിനേക്കാള്‍ ഇരട്ടിയായി സാധനങ്ങള്‍ക്ക് വിലവര്‍ധിച്ചിരിക്കുന്നു. പാചകവാതകം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും കോടാനുകോടി രൂപയാണ് മുഖ്യമന്ത്രി സ്വന്ത്രം പരസ്യം നല്‍കാനായി ചെലവഴിക്കുന്നത്. യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നില്ല. പക്ഷെ പാര്‍ട്ടി അനുഭാവികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നുമുണ്ട്. ഇതെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓര്‍ക്കണം.
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ നമ്മുടെ സഹോദരിമാര്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് പ്രധാനമായും വിഭാവനം ചെയ്തിട്ടുള്ളത്. കെ എസ് ആര്‍ ടി സി യില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്രചെയ്യാം എന്നത് പാവപ്പെട്ട സ്ത്രീജനങ്ങള്‍ക്ക് ഏറെ സഹായകരമാണ്. ഇത് നടപ്പാക്കിയാല്‍ കെ എസ് ആര്‍ ടി സി തകര്‍ന്നുപോകും എന്ന പ്രചരണവുമായി ഇടതുപക്ഷം മുന്നിട്ടിറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും തെലുങ്കാനയിലും ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
ക്ഷേമപെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കുമെന്നത് യു ഡി എഫ് ഗ്യാരന്റിയാണ്. വാഗ്ദാനം ചെയ്ത 2500 രൂപ പെന്‍ഷന്‍ നല്‍കാത്ത ഇടതുപക്ഷം യു ഡി എഫ് ഗ്യാരന്റിയെ കുറ്റംപറഞ്ഞു നടക്കുകയാണ്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും യു ഡി എഫ് നല്‍കുന്ന ഗ്യാരന്റിയാണ്. ഭാരിച്ച ചികിത്സാ ചെലവുകള്‍ക്ക് ഈ ഇന്‍ഷുറന്‍സ് പദ്ധതി താങ്ങായി മാറും. രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭ സമാനമായ ആരോഗ്യ പദ്ധതി വിജയകരമായി നടപ്പാക്കികാര്യം നാം അറിയണം. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ വയ്ച്ച് നല്‍കുന്ന പദ്ധതിയും വൃദ്ധജനങ്ങളുടെ പരിപാലനത്തിനായി പ്രത്യേക വകുപ്പും സംരംഭങ്ങള്‍ തുടങ്ങാന്‍ ചെറുപ്പക്കാര്‍ക്ക് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പയും യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന പദ്ധതികളാണ്.
മോദിക്കെതിരെ ഒരുവാക്കുപോലും ഉരിയാടാത്ത മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ ബാന്ധവം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ കേരളമാകെ ആഞ്ഞടിക്കുന്ന യു ഡി എഫ് തരംഗത്തിന്റെ സൂചനകളാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
.jpg)


