കായികമിത്രം പരിപാടിക്ക് കണ്ണൂർ ജില്ലയില്‍ തുടക്കമായി

The 'Kayikamithram' program has been launched in Kannur district.

കണ്ണൂർ:സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി യുവജന കാര്യവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കായികമിത്രം പരിപാടിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ടി ഒ മോഹനന്‍ എം എല്‍ എ നിര്‍വഹിച്ചു. സ്‌കൂള്‍ ടര്‍ഫില്‍ പന്ത് തട്ടിയായിരുന്നു ഉദ്ഘാടനം. വിദ്യാര്‍ത്ഥികളില്‍ കായികക്ഷമത ഉറപ്പുവരുത്തുകയും ചെറുപ്പകാലം തൊട്ടേ കായിക അഭിരുചികള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലുള്ള വിദ്യാലയങ്ങളില്‍ മിനിമം കായിക ഉപകരണങ്ങള്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. കായികാധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി കായിക ഉപകരണങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. 

കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഷൈനി അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരളം കണ്ണൂര്‍ ജില്ല പ്രോജക്ട് ഓഫീസര്‍ ഹാഷിം കാട്ടാമ്പള്ളി, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എന്‍ സുജിത്ത്, ഹെഡ്മാസ്റ്റര്‍ ഫോറം സെക്രട്ടറി പി പി സുബൈര്‍, പ്രിന്‍സിപ്പല്‍ സുനില്‍ സെബാസ്, പി ടി എ പ്രസിഡണ്ട് ഷിജിന്‍ മാണിയത്ത് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വി ദീപ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ടോംസന്‍ ആന്റണി നന്ദിയും പറഞ്ഞു.

Tags