പയ്യന്നൂരിൽ എം.ഡി.എം.എയുമായി കാസർഗോഡ് സ്വദേശി പിടിയിൽ

Kasaragod native arrested in Payyanur with MDMA

 പയ്യന്നൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി കാസർഗോഡ് സ്വദേശി പയ്യന്നൂരിൽ പിടിയിലായി. കാസർഗോഡ് അടൂർ പള്ളങ്കോട് മീത്തലാടി വീട് സ്വദേശി മുഹമ്മദ് ഷബാദ് എം.എ (30) ആണ് അറസ്റ്റിലായത്. വെള്ളൂർ അംശം പുതിയങ്കാവ് ദേശീയപാത സർവീസ് റോഡിൽ വെള്ളിയാഴ്ച (ഒക്ടോബർ 16) പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം.

പയ്യന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുഹൈൽ കെ.യുടെ നേതൃത്വത്തിലുള്ള സംഘം രാത്രി പട്രോളിങ്ങിന്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെ.എൽ 14 യു 4506 നമ്പർ യമഹ ബൈക്ക് എത്തിയത്. പോലീസ് കൈകാണിച്ച് വാഹനം നിർത്തിച്ചതോടെ പരിഭ്രാന്തനായ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചു. പരിശോധനയിൽ അടിവസ്ത്രത്തിനുള്ളിൽ സിപ്പ് ലോക്ക് കവറിൽ ഒളിപ്പിച്ച നിലയിൽ 4.55 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

 മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച മോട്ടർ സൈക്കിളും പ്രതിയുടെ മൊബൈൽ ഫോണും ഡ്രൈവിങ് ലൈസൻസും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ എൻ.ഡി.പി.എസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.

Tags