തളിപ്പറമ്പ് കരിമ്പം ഫാമിന് സമീപം ഭീഷണിയായി കൂറ്റൻ കടന്നൽക്കൂട്; അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
കണ്ണൂർ : നാട്ടുകാർക്ക് ഭീഷണിയായി റോഡരികിലെ മരത്തിന് മുകളിൽ കൂറ്റൻ കടന്നൽക്കൂട് . തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാനപാതയിൽ നിന്ന് കരിമ്പം ഫാമിനുള്ളിലൂടെ മുയ്യയിലേക്ക് പോകുന്ന വഴിയിലാണ് അപകടഭീഷണി ഉയർത്തുന്ന കൂറ്റൻ കടന്നൽക്കൂട് ഉള്ളത്. വിദ്യാർഥികളും ഫാം തൊഴിലാളികളും നാട്ടുകാരുമടക്കം നിരവധി പേർ ദിവസവും സഞ്ചരിക്കുന്ന പാതയായതിനാൽ, കൂട് എത്രയും വേഗം ശാസ്ത്രീയമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം ഇതുവഴി നടന്നു വരികയായിരുന്ന ഫാം തൊഴിലാളികളാണ് കൂട്ടിന് വെളിയിൽ കൂട്ടത്തോടെ പറക്കുന്ന കടന്നലുകളെ ആദ്യമായി കണ്ടത്. ഉയരമുള്ള മാവിൽ ആളുകളുടെ ശ്രദ്ധയിൽപ്പെടാതിരുന്ന കൂട്, കടന്നലുകൾ കൂട്ടത്തോടെ പറക്കുന്നതിൻ്റെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ആളുകൾ കാണാനിടയായത്.
കൂടിന് സമീപത്തെ റോഡിൽ കൂടി ദിവസേന നിരവധി വിദ്യാർഥികളും നാട്ടുകാരും ഫാം തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ കാൽനടയായി കടന്നു പോകാറുണ്ട്. കൂടാതെ സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും ഇതുവഴി കടന്നു പോകാറുണ്ട്. മരച്ചില്ലകൾ വീണോ, പക്ഷികളുടെ അക്രമണമുണ്ടായാലോ കടന്നലുകൾ ഇളകി ഏതു നിമിഷവും ആളുകളെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്ന ഭീതിയിലാണ് ഫാം തൊഴിലാളികളും നാട്ടുകാരു ഉള്ളത്.
അത്യന്തം അപകടകാരിയായ ചാമുണ്ഡി കടന്നലുകളാണ് ഇവിടെ കൂടുകെട്ടിയതെന്നാണ് പ്രാഥമിക നിഗമനം. പാമ്പിൻ വിഷത്തിൻ്റെ പത്തുശതമാനം വീര്യം കടന്നൽ വിഷത്തിനുണ്ട്. ഇവയുടെ കുത്തേറ്റാൽ വളരെ പെട്ടന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെട്ട് കടന്നൽ കൂട് ശാസ്ത്രീയമായി നീക്കം ചെയ്ത് ഭീതി അകറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
.jpg)

