അന്തസുറ്റ ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ സ്ത്രീകൾ ശക്തമായ പോരാട്ടം തുടരേണ്ടത് അനിവാര്യം: അഡ്വ പി വസന്തം


രാഷ്ട്രീയത്തിലായാലും സാമൂഹികപരമായാലും എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ അതിന് അത്യന്തികമായി ഇരകളാകുന്നത് സ്ത്രീകളാണ്
കണ്ണൂർ: സ്ത്രീവിരുദ്ധത എന്ന പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെന്ന തിരിച്ചറിവ് ഉൾകൊണ്ട് അന്തസുറ്റ ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ സ്ത്രീകൾ ശക്തമായ പോരാട്ടം തുടർന്നേ മതിയാകുവെന്ന് കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി വസന്തം.
കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തിൽ സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്ത്രീ ശക്തി , നാരി ശക്തി എന്ന് പ്രധാന മന്ത്രി ഘോരം ഘോരം പ്രസംഗിക്കുമ്പോഴും ബജറ്റിൽ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഒരു രൂപ പോലും വർദ്ധിപ്പിച്ചില്ല.
രാഷ്ട്രീയത്തിലായാലും സാമൂഹികപരമായാലും എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ അതിന് അത്യന്തികമായി ഇരകളാകുന്നത് സ്ത്രീകളാണ്. അടുത്തിടെ കാണുകയും കേൾക്കുകയും ചെയ്യുന്ന ഓരോ സംഭവങ്ങളും നമ്മളെ അലട്ടുന്ന ഒന്നാണ്. കേരളം എല്ലാം കൊണ്ടും ഔന്നിത്യത്തിൽ നിൽക്കുന്ന സംസ്ഥാനമാണെന്ന അഭിമാനത്തിന് ഇന്ന് എവിടെയൊക്കെയൊ കറുത്ത വരകൾ വീണിരിക്കുകയാണ്.

നമ്മുടെ സംസ്ഥാനത്ത് ഇതാണ് അവസ്ഥ എങ്കിൽ ഉത്തരേന്ത്യയിൽ ഇതിലും ദയനീയമാണ്. പ്രശ്നങ്ങൾ ഉയരുമ്പോൾ പ്രതികരിക്കാതിരിക്കുകയോ ആശങ്കപ്പെട്ടിരിക്കുകയോ ചെയ്തത് കൊണ്ട് കാര്യമില്ല. സ്ത്രീകളുടെ പോരാട്ടങ്ങൾ എന്നും വിജയത്തിലെത്തിയിട്ടേയുള്ളു. ചരിത്രം പരിശോധിച്ചാൽ പലപ്പോഴും സ്ത്രീകളുടെ പല പോരാട്ടങ്ങളും ആലേഖനം ചെയുപ്പെട്ടിട്ടില്ല. ആധുനിക കാലഘട്ടത്തിൽ അതിന് മാറ്റം വന്നിട്ടുണ്ട്.
ഒരു സ്ത്രീയുടെ പോരാട്ടം കൊണ്ട് മാത്രം നാട്ടിലെ സ്ത്രീകൾ അനുഭവിച്ച ദുരാചാരം അവസാനിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് നങ്ങേലി എന്ന കർഷക സ്ത്രീയുടെ പോരാട്ടം. അങ്ങനെ നമ്മുക്ക് മുന്നേ നടന്നവർ അനീതികൾ കണ്ടു നിന്നവരല്ല അതിനെതിരെ പോരാടിയവരാണ്. നമ്മളും ആ പോരാട്ടം ശക്തിയോടെ തുടരണമെന്നും അഡ്വ പി വസന്തം പറഞ്ഞു.
പരിപോടിയിൽ കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് കെ മഹിജ അധ്യക്ഷയായി. സെക്രട്ടറി കെ എം സപ്ന സ്വാഗതം പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, അസി. സെക്രട്ടറി എ പ്രദീപൻ, മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം ടി സാവിത്രി, ജില്ലാ ട്രഷറർ ആയിഷ ടീച്ചർ, ജോയിന്റ് സെക്രട്ടറി രേഷ്മ പരാഗൻ എന്നിവർ പ്രസംഗിച്ചു. മഹിളാ സംഘം കണ്ണൂർ മണ്ഡലം കമ്മിറ്റി അംഗം എം ടി രൂപ നന്ദി പറഞ്ഞു