സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണിലേക്കുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി കണ്ണൂര്‍ വാരിയേഴ്‌സ്

Kannur Warriors intensify preparations for the third season of Super League Kerala

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണിലേക്കുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി കണ്ണൂര്‍ വാരിയേഴ്‌സ്. ഗോള്‍ കീപ്പര്‍ പരിശീലക സ്ഥാനത്ത് എല്‍ദേ പോളിനെയും ഹെഡ് ഫിസിയോ സ്ഥാനത്ത് പി.എം. മിഥുനും നിലനിര്‍ത്തി. ഇരുവരും സൂപ്പര്‍ ലീഗ് കേരള ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് ടീമിലെ അംഗങ്ങളായിരുന്നു. കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ് എല്‍ദേ പോള്‍. 2018 മുതല്‍ കോട്ടയം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് പരിശീലകനായി തുടക്കം. 38 ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള ടീമിന്റെ ഗോള്‍ കീപ്പര്‍ പരിശീലകനായിരുന്നു. ജോസ്‌ക്കോ എഫ്‌സി, ഈഗിള്‍സ് എഫ്‌സി, കൊച്ചിന്‍ പോര്‍ട്ട്, എഫ്‌സി കൊച്ചിന്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയിലെ ഫയര്‍മാനാണ്. 

കണ്ണൂര്‍ വാരിയേഴ്‌സിന് മുമ്പ് ഐ-ലീഗ് ക്ലബ്ബായ ഇന്റര്‍ കാശിയോടൊപ്പം രണ്ട് സീസണ്‍ പ്രവര്‍ത്തിച്ചയാളാണ് മിഥുന്‍. 2024-25 ഐ-ലീഗ് കിരീട നേട്ടത്തില്‍ ഇന്റര്‍ കാശിയുടെ ഭാഗമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ വാരിയേഴ്‌സിനൊപ്പം സൂപ്പര്‍ ലീഗ് കിരീടവും നേടി. പരിചയസമ്പന്നനായ അജില്‍ കൃഷ്ണ പി. ടീം മാനേജറായി നിയമിച്ചു. കഴിഞ്ഞ സീസണില്‍ ഫോഴ്‌സ കൊച്ചി എഫ്‌സിയുടെ ടീം മാനേജറായിരുന്നു. ഫോഴ്‌സ കൊച്ചിയുടെ ഹെഡ് ഓഫ് ഓപ്പറേഷന്‍സ്, ഹീറോ സൂപ്പര്‍ കപ്പില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെയും കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും ഓപ്പറേഷന്‍സ് മാനേജര്‍, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഓപ്പറേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Tags