കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കവെ ട്രാക്കിൽ വീണ യാത്രക്കാരന് കാൽ നഷ്ടമായി


കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ ശ്രമിക്കവെ ട്രാക്കിൽ വീണ് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു.
ബുധനാഴ്ച്ച പുലർച്ചെ ഒരു മണിക്ക് മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ മട്ടന്നൂർ ഉളിയിൽ സ്വദേശി മുഹമ്മദലിയെ (32) പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൊർണൂരിലേക്ക് പോകുന്നതിനായി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങുമ്പോൾ ചാടി കയറാൻ ശ്രമിച്ചതിനെ തുടർന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ട്രാക്കിലേക്ക് വീണ മുഹമ്മദലിയുടെ ഒരു കാൽപൂർണമായി അറ്റു.
മറ്റേ കാലിനും കൈക്കും ഗുരുതര പരുക്കുണ്ട്. നില ഗുരുതരമായതിനെ തുടർന്ന് ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂർ റെയിൽവെ പൊലിസും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.