മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന കുപ്രസിദ്ധ വാഹന മോഷ്ടാവിനെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു

Kannur Town Police arrest notorious vehicle thief who was roaming around with stolen scooter

കണ്ണൂർ: മോഷണം നടത്തിയ സ്കൂട്ടറുമായി കണ്ണൂർ നഗരത്തിൽ കറങ്ങിനടന്ന കുപ്രസിദ്ധ വാഹന മോഷ്ടാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കോട്ടയം സ്വദേശിയും നിലവിൽ കാസർഗോഡ് വിദ്യാനഗറിൽ താമസക്കാരനുമായ ഇൻസമാം ഉൾ ഹഖി (29) നെയാണ് ടൗൺ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വലയിലാക്കിയത്. 

കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിൽ വെച്ചായിരുന്നു സംഭവം. പരിശോധനയ്ക്കിടെ വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി പരിഭ്രമിക്കുകയും പരസ്പരവിരുദ്ധമായ മറുപടികൾ നൽകുകയും ചെയ്തു. ഇതേത്തുടർന്ന് സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ള സ്കൂട്ടർ മോഷ്ടിച്ചതാണെന്ന വിവരം പുറത്തുവന്നത്.

കണ്ണൂർ എടക്കാട് സ്വദേശിനിയുടെ ഈ വാഹനം കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന സമയത്ത് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സ്കൂട്ടർ കാണാതായതുമായി ബന്ധപ്പെട്ട് ഉടമ പരാതി നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
കോട്ടയം, കോഴിക്കോട് ജില്ലകളിലായി നിലവിൽ നാലോളം വാഹനമോഷണ കേസുകളിൽ പ്രതിയാണ് യുവാവ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.ഐ ബി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒമാരായ വിനിൽ മോൻ, സമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags