അഖില ഭാരത അയ്യപ്പ സേവാ സംഘം 20 മുതൽ ശബരിമല തീർത്ഥാടകർക്ക് കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ അന്നദാനവും ഇടത്താവളവും ഒരുക്കും

കണ്ണൂർ: അഖില ഭാരത അയ്യപ്പസേവാ സംഘം നവംബർ 20 മുതൽ ജനുവരി 20 വരെ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടകർക്കായി ഇടത്താവളവും അന്നദാനവും ഒരുക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
20 ന് പകൽ 12.30 ന് ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻനമ്പൂതിരി ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് മെമ്പർ പി.കെ.മധുസൂദനൻ മുഖ്യാതിഥിയാകും. ഭക്തി സംവർദ്ധിനിയോഗം പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ, കെ.പി പവിത്രൻ , ടി.കെ ജയചന്ദ്രൻ ,വാർഡ് കൗൺസിലർ എം.പി.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
കണ്ണൂർ നഗരത്തിൽ ആദ്യമായാണ് ശബരിമല തീർത്ഥാടകർക്ക് അന്നദാനവും പ്രഭാത സായാഹ്ന ഭക്ഷണവും ഇടത്താവളവും ഒരുക്കുന്നത്. തളാപ്പ് ശ്രീസുന്ദരേശ്വര ക്ഷേത്രത്തിന്റെ സഹകരണത്തോടെയാണ് അന്നദാന ക്യാപ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ സംസ്ഥാന ജോയന്റ് സെക്രട്ടറി സി.പി അരവിന്ദാഷൻ, ക്യാംപ് ഓഫീസർ ഡോ.എം.കെ ഹരി പ്രഭ, രക്ഷാധികാരി പി.സി അശോകൻ , ക്യാപ് സെക്രട്ടറി കെ.വി സന്തോഷ് എന്നിവർ പങ്കെടുത്തു.