കണ്ണൂർ പുല്ലൂപ്പിക്കടവ് ഇനി മൾട്ടി പർപ്പസ് ടൂറിസം കേന്ദ്രം; ആറ് കോടിയുടെ രണ്ടാം ഘട്ട വികസന പദ്ധതി

Kannur's Pulluppikidavu to be a multi-purpose tourism centre; Second phase development project worth Rs 6 crore

കണ്ണൂർ: ജില്ലയിലെ പ്രമുഖ കയാക്കിങ്, നദീതീര വിനോദസഞ്ചാര കേന്ദ്രമായ പുല്ലൂപ്പിക്കടവ് വിപുലമായ വികസനത്തിനൊരുങ്ങുന്നു. ആറ് കോടി രൂപ ചെലവിട്ട് നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന രണ്ടാം ഘട്ട വികസന പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ ആധുനിക സൌകര്യങ്ങൾ ഇവിടെയൊരുങ്ങുന്നത്. സാംസ്കാരിക പരിപാടികൾ, പൊതുചടങ്ങുകൾ, വിവാഹങ്ങൾ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാൻ അനുയോജ്യമായ രീതിയിൽ പുല്ലൂപ്പിക്കടവിനെ വികസിപ്പിക്കാനാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.

മുൻ സർക്കാരിന്റെ കാലത്തുതന്നെ പുല്ലൂപ്പിക്കടവിൻറെ ഭാവി വികസനത്തിനായുള്ള പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചിരുന്നതായി അഴീക്കോട് എംഎഎ കെവി സുമേഷ് വ്യക്തമാക്കി. മനോഹരമായ നദീതീര പശ്ചാത്തലത്തെ പ്രയോജനപ്പെടുത്തി ഈ പ്രദേശത്തെ ഒരു പ്രധാന ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വേദിയാക്കി മാറ്റാനും പദ്ധതിയുണ്ട്. പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനായി പുതിയ ടൂറിസം മന്ത്രിയുമായി അടുത്ത ദിവസം തന്നെ ചർച്ചകൾ നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കണ്ണൂർ നഗരത്തിൽ നിന്ന് വെറും 30 മിനിറ്റ് മാത്രം യാത്രാദൂരമുള്ള പുല്ലൂപ്പിക്കടവ് ഇപ്പോൾത്തന്നെ തദ്ദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട വീക്കെൻഡ് കേന്ദ്രമാണ്. ദേശീയപാതയോടും നഗരത്തോടും ചേർന്നുകിടക്കുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മനോഹരമായ നദീതീര അന്തരീക്ഷവും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.

Tags