കണ്ണൂർ റൂറൽ പോലീസിന്റെ അപ്രിസിയേഷൻ ഡേ ആചരിച്ചു; മികച്ച ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ആദരിച്ചു

Kannur Rural Police Appreciation Day celebrated; Outstanding officers and public honored

തളിപ്പറമ്പ്: കേരള ആഭ്യന്തര വകുപ്പ് മന്ത്രിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും നിർദ്ദേശപ്രകാരം മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് വകുപ്പുമായി സഹകരിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ പൊതുജനങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ അപ്രിസിയേഷൻ ഡേ സംഘടിപ്പിച്ചു. 

തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ നടന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ഐപിഎസ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സെപ്റ്റംബർ മാസത്തിൽ കണ്ണൂർ റൂറൽ ജില്ലയിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവെച്ച 39 പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് വകുപ്പുമായി സഹകരിച്ച് മാതൃകാപരമായ പ്രവർത്തനം നടത്തിയ മൂന്ന് പൊതുജനങ്ങളെയുമാണ് ചടങ്ങിൽ ആദരിച്ചത്. 

പോലീസ് ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തെയും സേവനമികവിനെയും പൊതുജനങ്ങളുടെ സഹകരണത്തെയും അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അപ്രിസിയേഷൻ ഡേ സംഘടിപ്പിച്ചത്. സെപ്റ്റംബർ മാസത്തെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ പോലീസ് മേധാവിയുടെ അവാർഡും ക്യാഷ് റിവാർഡും മുഴക്കുന്ന്  പോലീസ് സ്റ്റേഷന് ലഭിച്ചു. ചടങ്ങിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് സുഭാഷ് പറങ്ങൻ, ഡിവൈഎസ്പിമാരായ സുമേഷ് ടി.പി., അനിൽകുമാർ, കുട്ടികൃഷ്ണൻ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags