കണ്ണൂർ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ദേശീയ ബഹുമതി
2023-24 വർഷം സമസ്ത മേഖലയിലുമുള്ള പ്രകടനത്തിന് രാജ്യത്തെ റൂഡ്സെറ്റികളിൽ കണ്ണൂർ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്നാം സ്ഥാനം ലഭിച്ചു. കർണ്ണാടകയിലെ ധർമ്മസ്ഥലയിലെ വാർഷിക സമ്മേളനത്തിൽ ശ്രീ ധർമ്മസ്ഥല മഞ്ജുനാഥേശ്വര എജുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ. എസ്. സതീഷ് ചന്ദ്രയിൽ നിന്ന് കണ്ണൂർ ഡയറക്ടർ ജയചന്ദ്രൻ.സി.വി അവാർഡ് സ്വീകരിച്ചു. ഇതാദ്യമായാണ് കണ്ണൂരിന് ദേശീയ ബഹുമതി ലഭിക്കുന്നത്. ഭൂവനേശ്വർ റൂഡ്സെറ്റി ഒന്നാം സ്ഥാനവും ഹാജിപ്പൂർ റൂഡ്സെറ്റി രണ്ടാം സ്ഥാനവും നേടി.
നേരത്തേ റൂഡ്സെറ്റികളുടെ പ്രസിഡണ്ടും രാജ്യസഭാഗംവുമായ Dr. വീരേന്ദ്ര ഹെഗ്ഗാഡേ റൂഡ്സെറ്റി ഡയറക്ടർമാരുടേയും പരിശീലകരുടേയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഉൽഘാsനം ചെയ്തു. റൂഡ്സെറ്റ് സ്ഥാപനത്തിൻ്റെ സ്ഥാപകൻ കൂടിയായ അദ്ദേഹം ആദ്യകാല അനുഭവങ്ങൾ പങ്കുവച്ചു.
ഗ്രാമങ്ങളിൽ നിന്ന് തൊഴിലിനായി നഗരങ്ങളിലേക്കുള്ള ഒഴുക്ക് തടയുവാനും ഗ്രാമങ്ങളിൽ നൈപുണ്യ പരിശീലനസൗകര്യം സൗജന്യമായി ഒരുക്കി സംരംഭകരാക്കാനും അതുവഴി സാധാരണക്കാർക്കും നല്ല ജീവിത സൗകര്യം ഉണ്ടാക്കാനുമാണ് റൂഡ്സെറ്റി സ്ഥാപിക്കുവാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
റൂഡ്സെറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ബി.പി. വിജയകുമാർ സ്വാഗതം പറഞ്ഞു. കാനറാ ബാങ്കിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവേന്ദ്ര കുമാർ, ചീഫ് ജനറൽ മാനേജർ കെ. ജെ ശ്രീകാന്ത്, മംഗലാപുരം സർക്കിൾ മേധാവി സുധാകർ കോത്താരി, NAR (National Academy of RSETIs ) നാഷനൽ ഡയറക്ടർ ജി. മുരുകേശൻ, ഡയറക്ടർ ജനറൽ രാജു, സിരി ഇൻസ്റ്റിററ്യൂഷൻ മാനേജിംഗ് ഡയറക്ടർ കെ.എൻ. ജനാർദ്ദന തുടങ്ങിയവർ പ്രസംഗിച്ചു. സരിത ശ്രീനിവാസ് നന്ദി പ്രകാശിപ്പിച്ചു.