കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് 19ന് പയ്യന്നൂരിൽ കൊടിയേറും

The Kannur Revenue District School Arts Festival will be flagged off at Payyannur on 19th
The Kannur Revenue District School Arts Festival will be flagged off at Payyannur on 19th

കണ്ണൂർ : റവന്യൂ ജില്ലാ സ്കൂൾ  കലോത്സവം 19  മുതൽ 23 വരെ പയ്യന്നൂരിൽ നടക്കും. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ 19ന് വൈകിട്ട് നാലിന്  മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും.  നടൻ ഉണ്ണിരാജ ചെറുവത്തൂർ വിശിഷ്ടാതിഥിയാകും.17 വേദികളിലായി 15 സബ് ജില്ലകളിലെ 10,695 കുട്ടികൾ 319 ഇനങ്ങളിൽ മത്സരിക്കും. രചനാ മത്സരങ്ങൾ ഒന്നാംദിവസം സമാപിക്കും. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 249 ജനറൽ ഇനങ്ങളിലാണ് മത്സരം. സംസ്കൃതം കലോത്സവത്തിന് 38 ഇനങ്ങളും അറബിക് കലോത്സവത്തിൽ 32 ഇനങ്ങളും ഉണ്ടായിരിക്കും. 

കെ യു ദാമോദര പൊതുവാളുടെ നേതൃത്വത്തിലാണ്  ഭക്ഷണമൊരുക്കുന്നത്.  ഒരേ സമയം 750 പേർക്ക്  ഭക്ഷണം കഴിക്കാൻ പറ്റുംവിധമാണ്‌ ഭക്ഷണശാല.  
നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി  പൊലീസ് മൈതാനം (ടൂ വീലർ, ത്രീവീലർ, കാർ, മറ്റ് ചെറുവാഹനങ്ങൾ), പുതിയ ബസ് സ്റ്റാൻഡ്‌  (സ്കൂൾ ബസ്,  വലിയ വാഹനങ്ങൾ),  സുമംഗലീ ടാക്കീസിന് മുൻവശം  (ചെറിയ വാഹനങ്ങൾ മാത്രം), ഗേൾസ് സ്കൂളിന്റെ മുൻവശത്തുള്ള സബ ഹോസ്പിറ്റലിന്റ്‌ പാർക്കിങ്‌ സ്ഥലം എന്നിവ സജ്ജമാണ്‌. വലിയ വാഹനങ്ങൾ കുട്ടികളെ സെൻട്രൽ ബസാറിൽ ഇറക്കിയശേഷം ബികെഎം ഹോസ്പിറ്റൽ ജങ്ഷൻ, എൽഐസി ജങ്‌ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.  സെൻട്രൽ ബസാർ ട്രാഫിക് സിഗ്നൽ ജങ്ഷൻ മുതൽ ട്രഷറിവരെയുള്ള റോഡും ഗാന്ധി പാർക്കിലേക്കുള്ള പ്രവേശനവും വൺവേ ആയിരിക്കും.   ബോയ്സ് സ്കൂൾ റോഡിലെ ഓട്ടോ പാർക്കിങ് മാറ്റി ക്രമീകരിക്കും. ആവശ്യമായ പാർക്കിങ് ബോർഡുകളുംസ്ഥാപിക്കും.  

ബിഇഎംഎൽപി സ്കൂളിൽ രണ്ട് ക്ലാസ് റൂമുകളിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം ലഭ്യമാക്കും. ആംബുലൻസ്,  അഗ്നിരക്ഷാ  സംവിധാനങ്ങളുമുണ്ടാകും.  23ന്  വൈകിട്ട്  സമാപന സമ്മേളനം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ  സംഘാടകസമിതി ചെയർമാൻ   ടി ഐ മധുസൂദനൻ എംഎൽഎ, വർക്കിങ് ചെയർമാൻ  കെ വി ലളിത, യു കെ ബാലചന്ദ്രൻ, എം പ്രസാദ്,  ടി കെ രാജേഷ്, എം  പി സതീഷ് കുമാർ,   കെ ശ്രീലത എന്നിവർ പങ്കെടുത്തു.

Tags