റെയില്‍ ജാഗ്രത ബോധവത്കരണ പരിപാടിയുടെ ആദ്യഘട്ടത്തിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ തുടക്കമായി

The first phase of the Rail Vigilance Awareness Program has started at Kannur Railway Station
The first phase of the Rail Vigilance Awareness Program has started at Kannur Railway Station

കണ്ണൂർ : കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു, സിവില്‍ ഡിഫന്‍സ്, കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, റെയില്‍വേ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, കേരള റെയില്‍വേ പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന റെയില്‍ മൈത്രി-റെയില്‍ ജാഗ്രത ബോധവത്കരണ പരിപാടിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അസി. സിറ്റി പോലീസ് കമ്മീഷണര്‍ ടി.കെ രത്‌നകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ട്രെയിന്‍ അപകടങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മിക്ക അപകടങ്ങള്‍ക്കും കാരണം അശ്രദ്ധയാണെന്നും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറുന്നതും ചാടി ഇറങ്ങുന്നതും യാത്രക്കാര്‍ വളരെ ലാഘവത്തോടെ കാണുന്നത് ജീവന്‍ നഷ്ടമാകുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 പരിപാടിയുടെ ഭാഗമായി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഓട്ടോ സ്റ്റാന്‍ഡിലും വിതരണം ചെയ്തു. രണ്ടാംഘട്ടത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ നല്‍കും. മൂന്നാംഘട്ടത്തില്‍ പെട്ടെന്നുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെ കുറിച്ച് അറിവ് നല്‍കുന്നതിന് മോക്ഡ്രില്ലും സംഘടിപ്പിക്കും. കേരള പോലീസിന്റെ പോല്‍ ആപ്പ് ഉപയോഗിച്ച് അത്യാവശ്യഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് പോലീസ് സഹായം തേടാം.

സുരക്ഷാ ഹെല്‍പ് ലൈന്‍ നമ്പറുകളിലും ബന്ധപ്പെടാനുള്ള ക്ലാസുകള്‍ നല്‍കും. തീപിടുത്ത സമയത്ത് ഫയര്‍ എക്‌സ്റ്റിംഗ്യുഷര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും അടിയന്തരഘട്ടങ്ങളില്‍ സിപിആര്‍ നല്‍കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി വിനേഷ് ക്ലാസ് എടുത്തു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ എസ് സജിത്ത് കുമാര്‍ അധ്യക്ഷനായി.

കണ്ണൂര്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പി ജോയ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ആര്‍ പി എഫ് കണ്ണൂര്‍ ടി വിനോദ്, കണ്ണൂര്‍ റെയില്‍വേ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി വിജേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു കണ്ണൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി അജയന്‍,  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ പ്രസീന്ദ്രന്‍, പോസ്റ്റ് വാര്‍ഡന്‍ കെ ഷൈമ എന്നിവര്‍ സംസാരിച്ചു.

Tags