കണ്ണൂർ പുതിയതെരുവിലെ ഗതാഗതം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കും

Puthiyatheru traffic block issue

കണ്ണൂർ:പുതിയതെരുവിലെ വാഹനഗതാഗതം സുഗമമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. 

പുതിയതെരു ജംഗ്ഷനിൽ റോഡിലെ ചരിവുള്ള ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റി പുതുതായി ടാറിംഗ് നിര്‍വഹിക്കാന്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴ കുറയുന്ന മുറയ്ക്ക് വളപട്ടണം പാലത്തിലെ കുഴികള്‍ അടച്ച് റോഡിലെ ഗതാഗതം സുഗമമാക്കണം.

പുതിയതെരുവിലെ നിലവിലെ താല്‍ക്കാലിക ഡിവൈഡറുകള്‍ മാറ്റി സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ പുതിയ ഡിവൈഡര്‍ സ്ഥാപിക്കുന്നതിനുള്ള നിലവിലെ പ്രൊപ്പോസല്‍ നടപ്പിലാക്കും. അപകടങ്ങള്‍ തടയാന്‍ ഡിവൈഡറുകളില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കും. ഇവയ്ക്കാവശ്യമായ ഫണ്ട് ദേശീയപാത അതോറിറ്റി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തിന് കൈമാറും. പുതിയതെരുവില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ആവശ്യമായ ഇടങ്ങളില്‍ ക്രോസിംഗുകള്‍ അനുവദിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. 

നിലവിലെ ട്രാഫിക് നിയന്ത്രണങ്ങള്‍ തുടരാനും എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അക്കാര്യം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുമായി കൂടിയാലോചിക്കാനും യോഗത്തില്‍ തീരുമാനമായി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ വി സുമേഷ് എംഎല്‍എ, അസിസ്റ്റന്റ് കലക്ടര്‍ എസ്. സ്വാതി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മോഹനന്‍, വൈസ് പ്രസിഡന്റ് ടി കെ മോളി, വാര്‍ഡ് മെംബര്‍ വി കെ അര്‍ഷാദ്, അബ്ദുല്‍ കരീം ചേലേരി, വ്യാപാരി പ്രതിനിധികള്‍, പോലിസ്, ആര്‍ടിഒ, പിഡബ്ല്യുഡി, എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags