കണ്ണൂരിൽ 5.5 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ
കണ്ണൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ 5.500 കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിലായി. എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അക്ഷയുടെ നേതൃത്വത്തിൽ പുതിയ തെരുഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബീഹാർ ഹാറാ ജില്ലയിലെ ബജ്പുരി സ്വദേശി സന്ദീപ് കുമാർ സിംഗ് ആണ് അറസ്റ്റിലായത്.
പ്രതിയെ പിടികൂടുന്നതിൽ കേരള എടിഎസ് സംഘത്തിന്റെ സഹായവും ലഭിച്ചതായി അധികൃതർ പറഞ്ഞു. അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയായ ഇയാൾ ബീഹാറിൽ നിന്ന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് മൊത്തവിൽപ്പന നടത്തുന്നതായിരുന്നു രീതി. ഇയാൾ മുൻപും നിരവധി തവണ കഞ്ചാവ് കണ്ണൂരിലെത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
അസി. എക്സൈസ് ഇൻസ്പെക്ടർ ഷനിൽകുമാർ സി.പി, സന്തോഷ് എം.കെ, ഖാലിദ് ടി എന്നിവരോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ സജിത്ത്, എം സുജിത്ത്, ജലീഷ്.പി, പ്രസന്ന എം.കെ, ഡ്രൈവർ ബിനീഷ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ബഷീർ സി.വി, നിഖിൽ പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കണ്ണൂർ II കോടതിയിൽ ഹാജരാക്കും. തുടർ നിയമനടപടികൾ വടകര എൻഡിപിഎസ് കോടതിയിൽ നടക്കും.
.jpg)

