കണ്ണൂരിൽ പൊലിസുകാരെ തള്ളിയിട്ട് ആശുപത്രിയിൽ നിന്നും മുങ്ങിയ സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ
കണ്ണൂർ : കണ്ണൂരിലെ എ കെ ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതികളായ സി പി എം പ്രവർത്തകർ അറസ്റ്റിൽ. പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ കാൽടക്‌സിൽ നിന്നാണ് ബുധനാഴ്ച്ച ഉച്ചയോടെ പ്രതികളെ പിടികൂടിയത്. വളപട്ടണം എസ് എച്ച് ഒ അഭിഷേക് , വളപട്ടണം ഇൻസ്പെക്ടർ ജിതേഷ്, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കൈലാസ് നാഥ്, ചക്കരക്കൽ ഇൻസ്പെക്ടർ ഫക്രുദീൻ, കണ്ണൂർ സിറ്റി എസിപി സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ അജയൻ എം, എസ് ഐ ഷാജി പികെ, എ എസ് ഐ സ്നേഹേഷ്, നാസർ, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ ഞായറാഴ്ച്ച അഴിക്കോട് വിവാഹ നിശ്ചയത്തിന് പോയി മടങ്ങുമ്പോൾ ഇവരും ബിജെപി പ്രവർത്തകരും സംഘർഷമുണ്ടായിരുന്നു ഇതേ തുടർന്ന് ഇരുവർക്കും കുത്തേറ്റു. നിസാര പരുക്കുകളോടെ കണ്ണൂരിലെ എ കെ ജി സ്മാരക സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയിൽ ഇവരെ അറസ്റ്റുചെയ്യാൻ പൊലിസെത്തിയപ്പോൾ സിപിഎം പ്രവർത്തകർ തടയുകയും യുവാക്കൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷം പെരളശേരി വടക്കുമ്പാട് പൊലിസ് വീടുകളിൽ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രതികൾ അറസ്റ്റിലാകുന്നത്.
.jpg)

