പരാതി ഉയർന്നാൽ കുഴിയടക്കും, വീണ്ടും പഴയ പോലെയാകും : യാത്രക്കാർക്ക് തീരാദുരിതമായി കണ്ണൂരിലെ പാപ്പിനിശേരി മേൽപ്പാലം
പാപ്പിനിശേരി : കുഴിയിൽ കുടുങ്ങി ഗതാഗതം ദുസ്സഹമാകുമ്പോൾ പരാതികളുയരും. ഗത്യന്തരമില്ലാതെ കുഴിയടക്കും. ദിവസങ്ങൾ പിന്നിടുമ്പോൾ പഴയപോലെതന്നെ കുഴികൾ നിറയും. ഒടുവിൽ എല്ലാം സഹിച്ച് വാഹനങ്ങളോടിക്കുക തന്നെ മേൽപ്പാലങ്ങളിലൂടെ.
കെ.എസ്.ടി.പി പാതയിൽ പാപ്പിനിശ്ശേരിയിലും താവത്തുമാണ് ഈ ദുരവസ്ഥ. പാപ്പിനിശ്ശേരിയിലും ചെറുകുന്ന് താവം റെയിൽവെ മേൽപാലങ്ങളിലെ തകർച്ചയും കുഴികളും കൂടിയിട്ടും പരാതിയില്ലാതെ അധികാരികളുടെ കെടുകാര്യസ്ഥതയോർത്ത് ശീലമായപോലെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പാപ്പിനിശ്ശേരിയിൽ റെയിൽവെ മേൽപാലത്തിലെ സ്ലാബുകൾ കൂട്ടി യോജിപ്പിക്കുന്ന എക്‌സ്പാൻഷൻ ജോയിന്റിലെ തകർച്ച ഓരോ ദിവസവും കൂടിവരികയാണ്.
tRootC1469263">കോൺക്രീറ്റ് തകർന്ന് പാലത്തിന് കുറുകെ വലിയ വിള്ളലും താഴേക്ക് കാണാവുന്നവിധം കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇരുമ്പുകമ്പികൾ പുറത്തേക്ക് തെറിച്ചുനിൽക്കുകയാണ്. മൈക്രോ കോൺക്രീറ്റ് ചെയ്ത് അടച്ച കുഴികളും തകർന്നിട്ടുണ്ട്. പാപ്പിനിശ്ശേരിയിൽ തൂണുകളിലുൾപ്പെടെ ബലക്ഷയമാണ്.
വാഹനത്തിരക്കേറിയ കെ.എസ്.ടി.പി പാപ്പിനിശ്ശേരി-പിലാത്തറ റോഡിലാണ് തകർച്ച നേരിടുന്ന ഇരുപാലങ്ങളുമെന്നത് യാത്രക്കാരുടെ ആശങ്ക കൂട്ടുകയാണ്. ഈ പാലങ്ങളിലൂടെ വൻശബ്ദത്തോടെയും കുലുക്കത്തോടെയുമാണ് ഭാരവാഹനങ്ങൾ കടന്നുപോകുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 20ന് പാപ്പിനിശ്ശേരി, താവം റെയിൽവെ മേൽപാലങ്ങളുടെ തകർച്ച പരിശോധിക്കാൻ കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം എത്തിയിരുന്നു. പാലത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ട സംഘം രണ്ടാഴ്ച കൊണ്ട് അടിയന്തര അറ്റകുറ്റപ്പണി നടത്തുമെന്നു അറിയിച്ചിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്ത് നിന്ന് തുടർനടപടിയൊന്നും ഇതുവരെ ഉണ്ടായില്ല.
അതേസമയം ഗതാഗതനിയന്ത്രണം ഏർപ്പെടുത്താതെ അറ്റകുറ്റപ്പണി സാധ്യമാകില്ലെന്നതാണ് പ്രധാന പ്രശ്‌നം. 2021 ഡിസംബറിൽ ശാശ്വതമായി തകർച്ച പരിഹരിക്കുമെന്നറിയിച്ച് ഒരുമാസത്തേക്ക് അടച്ചിട്ട് പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അഞ്ച് മാസം മുമ്പ് മൂന്ന് ദിവസം ഗതാഗതം നിരോധിച്ചാണ് മൈക്രോ കോൺക്രീറ്റ് ചെയ്ത് കുഴികളടച്ചത്. ഇതേതുടർന്നും ഫലമുണ്ടായില്ല. കൊച്ചി ആർ.ഡി.എസ് കമ്പനിയാണ് പാപ്പിനിശ്ശേരി, താവം പാലങ്ങൾ നിർമിച്ചത്. അശാസ്ത്രീയ നിർമാണത്തെ തുടർന്ന് തുടർച്ചയായി പണി നടക്കുന്ന മേൽപാലത്തിലെ കുഴികളും അറ്റകുറ്റപ്പണിയും പതിവായിരിക്കുകയാണ്. എന്നാൽ ഇതു കൊണ്ടൊന്നും ഗുണമില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
.jpg)


