ഓണം വാരാഘോഷത്തിന് വര്‍ണാഭമായ തുടക്കം : കണ്ണൂരിനെ ടൂറിസ്റ്റ് ജില്ലയാക്കി മാറ്റാന്‍ കൂട്ടായ ശ്രമം വേണമെന്ന് മന്ത്രി സണ്ണി ജോസഫ്

'I will not become the Chief Minister, UDF will win more than 100 seats in the elections and come to power'; Sunny Joseph

കണ്ണൂർ : സംസ്ഥാന ടൂറിസം വകുപ്പും കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ഒരുക്കുന്ന ജില്ലാതല ഓണം വാരാഘോഷത്തിന് വര്‍ണാഭമായ തുടക്കം. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. 

കണ്ണൂരിനെ വിനോദ സഞ്ചാര ജില്ലയാക്കി മാറ്റാന്‍ കൂട്ടായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കണ്ണൂരിന്റെ പ്രകൃതി രമണീയത, ജലസമ്പത്ത്, പുഴകള്‍, പൈതൃക ടൂറിസം സാധ്യതകള്‍, വിമാനത്താവളം, മികച്ച ഗതാഗത സംവിധാനം തുടങ്ങിയവ ടൂറിസത്തിന് അനുകൂല ഘടകങ്ങളാണ്. മൈസൂരരുമായും വയനാടുമായുള്ള ജില്ലയുടെ സാമീപ്യം ഉള്‍പ്പെടെയുള്ള സാധ്യതകളെ കൂടി ഉപയോഗപ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രയത്‌നിക്കണമെന്നും മന്ത്രി പറഞ്ഞു. 

മാവേലി നാടുവാണകാലത്തെ നന്മകളെ കുറിച്ചുള്ള ചിന്തകളാണ് ഓണാഘോഷത്തിന്റെ അകക്കാമ്പ്. കള്ളവും ചതിയുമില്ലാത്ത, സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമൃദ്ധിയുടേയും കാലഘട്ടം നാടിനുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അതിനായി നമുക്ക് ഒന്നിക്കാം. കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടിനെ കൂടുതല്‍ മനോഹരമാക്കാനും മറ്റുള്ളവരെ കൂടി നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിക്കാനും നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ ടി ഒ മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. കലയും സംഗീതവും വിനോദവും പാരമ്പര്യവും ഒത്തുചേരുന്ന ഓണം വാരാഘോഷത്തില്‍ കുടുംബസമേതം ആസ്വദിക്കാനാകുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മേയര്‍ അഡ്വ. പി ഇന്ദിര, കെ വി സുമേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. ലിഷ ദീപക്, റിജില്‍ മാക്കുറ്റി, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, വെള്ളോറ രാജന്‍, ജോണ്‍സണ്‍ പി തോമസ്, സാദിഖ് കെ എസ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനില്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ ഡി വി പ്രഭാത് നന്ദിയും പറഞ്ഞു. 

ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി തിരുവാതിരകളി മത്സരം, കേരള മഹിളാ സമഖ്യയുടെ ആഭിമുഖ്യത്തിലുള്ള ഗോത്ര കലാകാരന്മാരുടെ വിവിധ പരിപാടികള്‍ എന്നിവ അരങ്ങേറി. തുടര്‍ന്ന് ആട്ടം കലാസമിതിയും തേക്കിന്‍കാടി ബാന്‍ഡും ചേര്‍ന്നൊരുക്കിയ മ്യൂസിക്കല്‍ ഫ്യൂഷന്‍ ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കി.

Tags