പ്രകൃതി സംരക്ഷണ പാഠവുമായി കണ്ണൂർ സ്വദേശി ഷാജിയുടെ വ്യത്യസ്തമായ ഓട്ടോറിക്ഷ

Kannur native Shaji's unique auto rickshaw with a lesson in nature conservation

തോട്ടട: തോട്ടടയിലെ തേൻകുടിയൻ ഷാജിയുടെ ഓട്ടോറിക്ഷയിൽ കയറുന്നവർ ആദ്യം കാണുക പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനുള്ള വരികളാണ്. പിന്നീട് കൃഷിയെപ്പറ്റിയും പ്രകൃതിയെപ്പറ്റിയും വാതോരാതെയുള്ള വാക്കുകളും. ഓട്ടോയിൽ കയറിയിറങ്ങുന്നതു വരെ ഇതു തന്നെയായിരിക്കും ചർച്ചകൾ. ചെറുപ്പം മുതലേ കൃഷിയോടും പ്രകൃതിയോടും താല്പര്യമുണ്ടായിരുന്ന ഷാജി ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുമ്പോഴും കൃഷിയിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. 

18 വർഷം മുമ്പ് പയ്യന്നൂരിൽ പ്രവർത്തിക്കുന്ന പ്രകൃതി സംരക്ഷണ സംഘടനയായ സീക്ക്  നടത്തിയ നാല് ദിവസത്തെ ക്ലാസാണ് ഷാജിയുടെ ജീവിതം പ്രകൃതിയുമായി ഏറെ അടുപ്പിച്ചത്.എടക്കാട് കൃഷിഭവനിൽ നിന്ന് മാതൃക കർഷകനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാലയങ്ങളിൽ ക്ലാസ് എടുക്കാറുണ്ട്. താൻ പഠിച്ച വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകൻ ക്ഷണിക്കുകയും, സ്റ്റാഫ് റൂം ചർച്ചകൾക്ക് ശേഷം  ഓട്ടോറിക്ഷ തൊഴിലാളിയായതിനാൽ ഒഴിവാക്കുകയും ചെയ്ത അനുഭവം ഷാജി വേദനയോടെ പങ്കുവയ്ക്കുന്നു.

 എന്നാൽ അതേ വിദ്യാലയത്തിൽ പിന്നീട് അതേ വിദ്യാലയത്തിലെ അധ്യാപകരെ സാക്ഷിനിർത്തി,മറ്റൊരു വിദ്യാലയത്തിന്റെ എൻഎസ്എസ് ക്യാമ്പിൽ ക്ലാസെടുക്കാനായ സന്തോഷവും പങ്കിടുന്നു. പച്ചക്കറി തൈകൾ ഉല്പാദിപ്പിച്ച് വിവിധ വിദ്യാലയങ്ങളിൽ സൗജന്യമായി നൽകാറുണ്ട്. പ്രകൃതിയെയും ചുറ്റുപാടിനെയും സംരക്ഷിക്കുന്നതിലുള്ള പ്രവർത്തനത്തിലൂടെ ലഭിക്കുന്ന സംതൃപ്തി മറ്റൊന്നിലുമില്ലെന്ന് ഷാജി പറയുന്നു. ഈ പരിസ്ഥിതി ദിനത്തിലും പ്രകൃതി സന്ദേശങ്ങളുമായി പ്രയാണം നടത്തുകയാണ് ഷാജിയെന്ന ഓട്ടോ ഡ്രൈവർ.
 

Tags