അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കണ്ണൂർ സ്വദേശി ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം
അഹമ്മദാബാദ് : അഹമ്മദാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2026-ൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം കണ്ണൂർ കാടാച്ചിറ ആഡൂർ സ്വദേശി ജിതിൻ പ്രകാശിന്. ജിതിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കരിന്തിരി' എന്ന ഹ്രസ്വചിത്രത്തിനാണ് പുരസ്കാരം. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ അഹമ്മദാബാദിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള Omguru Films, Rembo Events എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
ശോഭനം ഫിലിംസിന്റെ ബാനറിൽ സുകേഷ് വടവിൽ നിർമ്മിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സുകേഷ് തന്നെയാണ്. മനുഷ്യന്റെ മനസ്സിൽ വിശ്വാസങ്ങൾ എത്രത്തോളം ആഴത്തിൽ വേരൂന്നുന്നുവെന്നും ലോകത്തിന്റെ ഏത് കോണിലെത്തിയാലും സ്വന്തം സംസ്കാരവും വിശ്വാസങ്ങളും മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നുമാണ് ചിത്രത്തിന്റെ പ്രമേയം. നിലവിൽ കണ്ണൂർ ജി-ടെക് എഡ്യൂക്കേഷനിലെ ക്രിയേറ്റീവ് ഹെഡായി പ്രവർത്തിക്കുന്ന ജിതിൻ, കാടാച്ചിറ ആഡൂരിലെ ജയപ്രകാശന്റെയും പ്രീതയുടെയും മകനാണ്. ഭാര്യ നയന ബാബു. സഹോദരി ജിൻസി, സഹോദരീഭർത്താവ് പ്രജോത്.
.jpg)

