രണ്ട് മാസമായി ശമ്പളം ലഭിച്ചില്ല,കണ്ണൂർ- ദേശീയപാത നിർമ്മാണ തൊഴിലാളികൾ പണിമുടക്ക് സമരം നടത്തി

Kannur national highway construction workers went on strike after not receiving their salaries for two months.

കണ്ണൂർ : കണ്ണൂർ-ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ആറുവരിപ്പാത നിർമാണച്ചുമതലയുള്ള വിശ്വസമുദ്ര കമ്പനിയിലെ നിർമ്മാണ തൊഴിലാളികൾ പണിമുടക്കി.രണ്ട് മാസമായി ശമ്പളം ലഭിച്ചില്ലെന്ന പരാതിയുയർത്തിയാണ് ഇതരം സംസ്ഥാനക്കാരായ നൂറിൽപരം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.നിലവിൽ കുടിശികയായ കൂലി തന്ന് തീർത്താൽ മാത്രമേ ഇനി ജോലി ചെയ്യൂവെന്ന മുന്നറിയിപ്പുമായി തൊഴിലാളികൾ ഒന്നടങ്കം ഇന്നലെ കാട്ടാമ്പള്ളിയിലെ വിശ്വസമുദ്രയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 പൊരിവെയിലും പെരുമഴയും വകവെക്കാതെ രാത്രിയെന്നോ പകലെനനോ വ്യത്യാസമില്ലാതെ ജോലി ചെയ്ത തങ്ങളെ കൂലി തരാതെ അധികൃതർ കബളിപ്പിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.മോശമായ ഭക്ഷണവും താമസ സൗകര്യവുമാണ് തൊഴിലാളികൾ നൽകുന്നതെന്നും അവർ കുറ്റപ്പെടുത്തി. കൂലി കിട്ടും വരെ പ്രതിഷേധം തുടരുമെന്നും ഇവർ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ അഴീക്കോട് മണ്ഡലം എം എൽ എ കെ വി സുമേഷും വളപട്ടണം എസ് എച്ച് ഒ  ടി എം വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.തുടർന്ന്  കെ വി സുമേഷ് എം എൽ എ കമ്പനി അധികൃതരുമായി പ്രാഥമികമായി നടത്തിയ ചർച്ചയിൽ ഒരു മാസത്തെ ശമ്പളം വ്യാഴാഴ്ച ലഭിക്കുമെന്നും കുടിശികയായ ഒരു മാസത്തെ ശമ്പളം ഈ മാസം 15 നം നൽകുമെന്നും അറിയിച്ചു. ശമ്പള തടസമുണ്ടായാൽ ഇടപെടുമെന്ന് എം എൽ എയും പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. എന്നാൽ ഇക്കാര്യം സമ്മതിച്ച് സമരം പിൻവലിക്കാൻ തൊഴിലാളികൾ തയ്യാറായില്ല. 

ഇരുപതാം തീയ്യതിയാണ്  എല്ലാമാസവും ശമ്പളം നൽകാറുള്ളതെന്നും  രണ്ട് മാസത്തെ ശമ്പളം ഇപ്പോൾ ലഭിച്ചില്ലെങ്കിൽ ഈ മാസത്തെ ശമ്പളം വീണ്ടും മുടങ്ങുമെന്നും തൊഴിലാളികൾ വ്യക്തമാക്കി. മാത്രമല്ല സമരം ചെയ്തവരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ കമ്പനി നേരത്തെ ചിലയിടങ്ങളിൽ സ്വീകരിച്ചിരുന്നതായും ഇവർ കുറ്റപ്പെടുത്തി. അത് കൊണ്ട് തന്നെ രണ്ട് മാസത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. അതേ സമയം തൊഴിലാളികൾ പണിമുടക്കുന്നതോടെ നിലവിൽ ഇഴയുന്ന ആറുവരിപ്പാതയിലെ നിർമ്മാണ പ്രവൃത്തികൾ പൂർണമായും സ്തംഭിച്ചേക്കും.

Tags