വിനോദ സഞ്ചാരികൾക്ക് കാഴ്ച്ചയുടെ ഉത്സവമൊരുക്കി കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ്


കണ്ണൂർ : ഒൻപതാമത് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് മാർച്ച് 29 മുതൽ ഏപ്രിൽ 21 വരെ മുഴപ്പിലങ്ങാട് ബീച്ച് സെൻട്രൽ പാർക്കിൽ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് ആറിന് സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി ബീച്ച് ഫെസ്റ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കും. വിശാലമായ പുഷ്പോത്സവം, അമ്യൂസ്മെൻ്റ് പാർക്ക്, പൊതുജനങ്ങൾക്കും കുട്ടികൾക്കും വിവിധ മത്സര പരിപാടികൾ, എല്ലാ ദിവസവും പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്ന്,രുചികരമായ ഫുഡ് കോർട്ട്. സാംസ്കാരിക സായാഹ്നം എന്നിവ നടത്തും.
മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമായ പ്രവേശന നിരക്ക്.ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ കടലോര ശുചീകരണം, വിശാലമായ പാർക്കിങ് സംവിധാനം, ബീച്ച് ഹോം ഗാർഡുകളുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയതായി സംഘാടകൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കെ. ശോഭ,എം വി ഹാഫിസ് , കെ. രത്ന ബാബു, കു നോത്ത് ബാബു എന്നിവരും പങ്കെടുത്തു.
