മാളിയേക്കല്‍ ഗായകസംഘത്തിനെതിരെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശനം; മറുപടിയായി മറ്റൊരു ഗാനം കൂടി പുറത്തിറക്കി

maliyekkal

തലശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം മാളിയേക്കല്‍ തറവാട്ടിലെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയെ തങ്ങള്‍ രചിച്ചു ചിട്ടപ്പെടുത്തിയുണ്ടാക്കിയ തെരഞ്ഞെടുപ്പ് ഗാനങ്ങളിലൂടെ സ്വീകരിച്ചതിന് സോഷ്യല്‍മീഡിയ അക്രമത്തിന് ഇരയായ മാളിയേക്കല്‍ കുടുംബാംഗങ്ങള്‍ മറ്റൊരു ഗാനത്തിലൂടെ സര്‍ഗാത്മക പ്രതിരോധം തീര്‍ക്കുന്നു. കെ.കെ ശൈലജയ്ക്ക് കനത്ത തോല്‍വിയുണ്ടായതിനെ തുടര്‍ന്ന് യു.ഡി. എഫ് അനുകൂലികളാണ്‌ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശനവുംഅധിക്ഷേപവുമായി രംഗത്തുവന്നത്.

എന്നാല്‍ ഇടതു അനുകൂലികളായ മാളിയേക്കല്‍ ഗായകസംഘത്തിനെതിരെയുളള സോഷ്യല്‍ മീഡിയ അധിക്ഷേപത്തിനെതിരെ അതേ ഭാഷയില്‍ മറുപടി പറയാതെ പാട്ടിലൂടെ പ്രതിരോധം തീര്‍ക്കുകയാണ് ഇവര്‍. ഇതിനായി മറ്റൊരു പാട്ടുകൂടി ഗായകസംഘം തയ്യാറാക്കിയിട്ടുണ്ട്. ''ഇബ്‌ലീസിന്റെ പണിശാലയില്‍ പണിതിരക്കാണ്.. മാനവസ്‌നേഹം തകര്‍ക്കാനായി പണിയെടുക്കുന്നു, ചെകുത്താന്‍ പണിയെടുക്കുന്നു..'' എന്നിങ്ങനെയാണ്‌ വിമര്‍ശകരെ പൊളിച്ചടുക്കിയ പ്രതിഷേധ ഗാനം. ഇതിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജാബിര്‍ മാളിയേക്കലാണ് ഗാനം തയ്യാറാക്കിയത്. സൈബര്‍ അക്രമത്തില്‍ ഭയപ്പെടുന്നവരല്ല മാളിയേക്കലിലെ പെണ്ണുങ്ങളെന്ന്  മാളിയേക്കല്‍ മറിയുമ്മയുടെ മകള്‍ കുഞ്ഞാച്ചുമ്മ ഈ വിഷയത്തില്‍ പ്രതികരിച്ചു. തങ്ങള്‍ പാട്ടുതുടരുമെന്ന് തലശേരി നഗരസഭാ മുന്‍ ചെയര്‍മാന്‍ മാളിയേക്കല്‍ ആമിനയും മാളിയേക്കല്‍ ഷഹനാസും പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെയും ആശയാവിഷ്‌കരണത്തിന്റെയും മാര്‍ഗം സംഗീതമാണെന്നും ഇവര്‍ പറയുന്നു. അറുപതു വര്‍ഷമായി തങ്ങള്‍ പാടുകയാണ്. അതില്‍ ദേശഭക്തി ഗാനമുണ്ട്, തെരഞ്ഞെടുപ്പ് ഗാനങ്ങളും സ്‌നേഹഗീതവും  പടപ്പാട്ടുകളുമുണ്ട്.  ആരെങ്കിലും ചീത്തവിളിച്ചാലോ കല്ലെറിഞ്ഞാലോ പാട്ടില്‍ നിന്നും പിന്‍മാറില്ലെന്നും ഗാനരചയിതവായ ജാബിര്‍ മാളിയേക്കല്‍ പറഞ്ഞു.

Tags