കണ്ണൂര്‍ ഊരത്തൂരില്‍ വയനാട് സ്വദേശിനി മരിച്ച സംഭവം കൊലപാതകമാണെന്ന് സൂചന, ഭര്‍ത്താവ് കസ്റ്റഡിയില്‍

tribe lady death
tribe lady death

തലയിടിച്ച പാടുകളും മുഖത്തും ശരീരത്തിലും പോറലുകളുമുളളതിനാല്‍  കൊലപാതകമാണോയെന്ന സംശയമുയര്‍ന്നത്

കണ്ണൂര്‍ : ഊരത്തൂരില്‍ കശുമാവിന്‍ തോട്ടത്തിലെ കെട്ടിടത്തില്‍  ആദിവാസി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന്  ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കാരിമന്തം പണിയ ഉന്നതിയിലെ  ആലാറ്റില്‍ രജനിയാ(37 )ണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. 

നിലത്ത് പായയില്‍ കിടന്ന നിലയിലായിരുന്നു മൃതദേഹം. തലയിടിച്ച പാടുകളും മുഖത്തും ശരീരത്തിലും പോറലുകളുമുളളതിനാല്‍  കൊലപാതകമാണോയെന്ന സംശയമുയര്‍ന്നത്.ഭര്‍ത്താവ് ബാബുവിനെ  ഇരിക്കൂര്‍ എസ്.എച്ച്.ഒ രാജേഷ് ആയോടനാണ് കസ്റ്റഡിയിലെടുത്തു.

 ബ്ലാത്തൂര്‍ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തില്‍ കശുവണ്ടി ശേഖരിക്കാനെത്തിയ ദമ്പതിമാര്‍ മദ്യപിച്ച് വഴക്കിടുന്നത് പതിവാണെന്നാണ് തൊട്ടടുത്ത മുറിയിലുണ്ടായ ബന്ധുക്കള്‍ പറയുന്നത്. വയനാട്ടിലുള്ളപ്പോഴും രജനിയെ ഭര്‍ത്താവ് മദ്യപിച്ച് ഉപദ്രവിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. 

ഞായറാഴ്ച രാത്രിയും ഇതേപോലെ വഴക്ക് നടന്നിരുന്നു. എന്നാല്‍ വഴക്കിന് ശേഷം താന്‍ കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയില്‍ കാണുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്.ഖനനം നിര്‍ത്തിയ ചെങ്കല്‍ പണയില്‍ നട്ടുവളര്‍ത്തിയ കശുമാവിന്‍ തോട്ടമാണ് ഇവിടെയുള്ളത്. സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന ബഹളങ്ങളൊന്നും നാട്ടുകാരും അറിഞ്ഞിരുന്നില്ല. 

തിങ്കളാഴ്ച രാവിലെ പോലീസ് വരുന്നത് കണ്ടാണ് നാട്ടുകാര്‍ മരണവാര്‍ത്ത അറിയുന്നത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം റിപ്പോര്‍ട്ട് ലഭിച്ചാല്‍ അനന്തര നടപടി  സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. 

ബാബു- രജനി ദമ്പതികള്‍ക്ക് ഏഴുമക്കളാണ്. ഇതില്‍ അഞ്ചുപേര്‍ വയനാട്ടിലാണ്. രണ്ടു ചെറിയ കുട്ടികളാണ് ഇവര്‍ക്കൊപ്പം താമസിച്ചുവരുന്നത്. ചെങ്കല്ലുകൊത്തിയൊഴിഞ്ഞ ഊരത്തൂരിലെ പണയില്‍ ഷെഡുകെട്ടിയാണ് ദമ്പതികള്‍ താമസിച്ചുവന്നിരുന്നത്

Tags