കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിക്കും : ടി ഒ മോഹനൻ എം എൽ എ

kannur ksrtc

 കണ്ണൂർ:കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയുടെ വികസനത്തിന് ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്ന് അഡ്വ.ടി ഒ മോഹനൻ എംഎൽഎ അറിയിച്ചു. ഡിപ്പോയ്ക്ക് നാല് ഏക്കറിൽ അധികം വരുന്ന സ്ഥലമുണ്ട്. പക്ഷേ അവിടെ സമതുലിതമായ വികസന പ്രവർത്തനങ്ങൾ അല്ല നടത്തിവരുന്നത്. പ്രിയദർശിനി സർവീസിന്റെ വരവോടുകൂടി ഡിപ്പോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പക്ഷേ യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ഡിപ്പോക്ക് ഉണ്ട്. 

യാത്രക്കാർക്കായി നല്ല ഇരിപ്പിടങ്ങളോ ഫാൻ സൗകര്യങ്ങളോ വെളിച്ചമോ ലഭിക്കുന്നില്ല. രാത്രികാലങ്ങളിൽ ഇവിടം ഇരുട്ടിലാണ്. ഇത് രാത്രികാലങ്ങളിൽ ഉള്ള യാത്രക്കാരെ മാത്രമല്ല ജോലി ചെയ്യുന്ന ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.  വർഷോപ്പിൽ ആവശ്യമായ വെളിച്ചമില്ലാത്തത് രാത്രി ഡ്യൂട്ടിയിലുള്ള വർഷാപ്പ് ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

kannur ksrtc

ജീവനക്കാർക്ക് പ്രത്യേകിച്ച് സ്ത്രീ ജീവനക്കാർക്ക് ഉള്ള വിശ്രമ മുറികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. നൂറുകണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ഇവിടെ ഇതുവരെയായി ഒരു കാന്റീൻ സൗകര്യമില്ല. വർഷോപ്പുകളുടെയും ഡിപ്പോയുടെയും പ്രവർത്തനത്തിൽ ആധുനികരണം ആവശ്യമാണ്. വർഷോപ്പുകളിൽ ഉപയോഗിക്കുന്ന പഴഞ്ചൻ ഉപകരണങ്ങൾ മാറ്റി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കണം. 

ഇത്തരം കാര്യങ്ങൾ ജീവനക്കാരുമായി കൂടിയാലോചിച്ച് വിശദമായി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിന് ട്രാൻസ്പോർട്ട് ഓഫീസറെയും ഡിപ്പോ എൻജിനീയറെയും ചുമതലപ്പെടുത്തി.
ഇതിനുശേഷം തലസ്ഥാനത്ത് മന്ത്രിയെയും കെഎസ്ആർടിസി എംഡിയെയും കണ്ട് ഇത് സമർപ്പിക്കും. വകുപ്പ് മന്ത്രി ഡിപ്പോ നേരിൽ സന്ദർശിക്കുന്നതിനും യോഗം വിളിച്ചു ചേർക്കുന്നതിനും മന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും എംഎൽഎ അറിയിച്ചു.

 ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം ഡിപ്പോ സന്ദർശിക്കുകയായിരുന്നു എംഎൽഎയും ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ  സുധീഷ് കടന്നപ്പള്ളി, കെ പി രമേശൻ, എൻ പ്രസാദ്, തോമസ് തോട്ടത്തിൽ, ടി കെ അജിത്, ശശിധരൻ കെ കെ,ജോൺസൻ പി തോമസ്, പി പി മോഹനൻ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർരഞ്ജിത്ത് പി.ഇ, ഡിപ്പോ എഞ്ചിനീയർ അനീഷ് കെ. കെ, ജനറൽ കണ്ട്രോൾ ഇൻസ്‌പെക്ടർ സന്തോഷ്‌ എം.പി, സൂപ്രണ്ട് സജീന.എ 
എന്നിവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.

Tags