വോട്ടെണ്ണാനൊരുങ്ങി കണ്ണൂർ; ഒരുക്കങ്ങൾ പൂർത്തിയായി
കണ്ണൂർ : കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിലെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടെണ്ണൽ മെയ് നാലിന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ എന്നീ നാല് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിലും അഴീക്കോട്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ, പേരാവൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ചാല ചിൻടെക്കിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും നടക്കും.
മെയ് നാലിന് രാവിലെ അഞ്ച് മണിക്ക് കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാൻഡമൈസേഷൻ നടക്കും. രാവിലെ ആറ് മണിക്ക് നിരീക്ഷകൻ, വരണാധികാരി/ഉപ വരണാധികാരി, സ്ഥാനാർഥി/സ്ഥാനാർഥിയുടെ ഏജൻറ് എന്നിവരുടെ സാന്നിധ്യത്തിൽ സ്‌ട്രോങ്ങ് റൂമുകൾ തുറന്നതിന് ശേഷം പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ ആരംഭിച്ച് 30 മിനിറ്റുകൾക്ക് ശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കും.ജില്ലയിലെ ഇടിപിബി (ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്) ഒഴികെയുള്ള പോൾ ചെയ്ത മുഴുവൻ ഇവിഎം/ പോസ്റ്റൽ ബാലറ്റുകളും വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്. നിലവിൽ ട്രഷറിയിൽ സൂക്ഷിച്ചുവരുന്ന ഇടിപിബി വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പായി വോട്ടെണ്ണൽ ഹാളിൽ എത്തിക്കും. മെയ് നാലിന് രാവിലെ വരെ ലഭിക്കുന്ന ഇടിപിബി നേരിട്ട് അന്നേ ദിവസം രാവിലെ എട്ട് മണിക്ക് മുമ്പായി വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിക്കാനുള്ള സജ്ജീകരണം നടത്താൻ തപാൽ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ഇവിഎം വോട്ടെണ്ണലിന് ശേഷം ഓരോ നിയമസഭ മണ്ഡലത്തിലെയും വണാധികാരി, സ്ഥാനാർഥി/ഏജൻറ്, നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് മെഷീനുകളിലെ വിവിപാറ്റ് സ്ലിപ്പ് എണ്ണുന്നതാണ്. നിരീക്ഷകൻ, വരണാധികാരി, ഉപവരണാധികാരി, സ്ഥാനാർഥി/ഇലക്ഷൻ ഏജന്റ് എന്നിവരുടെ സാന്നിധ്യത്തിൽ ലോഗ് ബുക്കിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തിയാണ് സ്‌ട്രോങ് റൂം തുറക്കുക. ഈ പ്രക്രിയ മുഴുവനായി സമയവും, തീയതിയും രേഖപ്പെടുത്തി വീഡിയോ റിക്കോർഡിംഗ് നടത്തുന്നതാണ്.
ജില്ലയിൽ ആകെ 154 ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) കൗണ്ടിംഗ് ടേബിളുകളും 83 പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ മണ്ഡലത്തിനും 14 വീതം ഇവിഎം കൗണ്ടിംഗ് ടേബിൾ ഉണ്ടാവും. പോസ്റ്റൽ ബാലറ്റിന് പയ്യന്നൂർ-10, കല്ല്യാശ്ശേരി-7, തളിപ്പറമ്പ്-10, ഇരിക്കൂർ-8, അഴീക്കോട്-5, കണ്ണൂർ-6, ധർമടം-8, തലശ്ശേരി-6, കൂത്തുപറമ്പ-6, മട്ടന്നൂർ-9, പേരാവൂർ-8 എന്നിങ്ങനെ കൗണ്ടിംഗ് ടേബിൾ ഉണ്ടാവും.റൗണ്ട് അടിസ്ഥാനത്തിലാണ് വോട്ടുകൾ എണ്ണുക. പോസ്റ്റൽ വോട്ടുകൾ എണ്ണുന്ന ഓരോ ടേബിളും ഒരോ എആർഒയുടെ നിയന്ത്രണത്തിൽ ആയിരിക്കും.ഇവിഎം, പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് ടേബിളിന് ഓരോന്നിനും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ വീതം കൗണ്ടിംഗ് സൂപ്പർവൈസറായും ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ വീതം മൈക്രോ ഒബ്‌സർവറായും ഉണ്ടാവും. ഇവിഎം ടേബിളിന് ഒരു കൗണ്ടിംഗ് അസിസ്റ്റൻറുണ്ടാവും. പോസ്റ്റൽ ബാലറ്റ് ടേബിളിന് ഗസറ്റഡ് ഉദ്യോഗസ്ഥരായ രണ്ട് കൗണ്ടിംഗ് അസിസ്റ്റൻറുമാരും ഉണ്ടാവും. ഇടിപിബിഎസിന് ഗസറ്റഡ് ഓഫീസർമാരായ കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ്, അസി. റിട്ടേണിംഗ് ഓഫീസർ എന്നിവരുമുണ്ടാവും.
ജില്ലയിലേക്ക് ആവശ്യമുള്ള കൗണ്ടിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ഒന്നാ ഘട്ടം റാൻഡമൈസേഷൻ നടത്തി ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് നൽകി. 341 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 456 കൗണ്ടിംഗ് അസിസ്റ്റൻറുമാർ, 341 മൈക്രോ ഒബ്‌സർവർമാർ എന്നിവരെയാണ് നിയമിച്ചത്. ഇവരുടെ ആദ്യഘട്ട പരിശീലനം ഏപ്രിൽ 29ന് നടത്തി. രണ്ടാംഘട്ട പരിശീലനം മെയ് രണ്ടിന് നടക്കും. മണ്ഡലം അനുവദിച്ചുള്ള രണ്ടാംഘട്ട റാൻഡമൈസേഷൻ മെയ് മൂന്നിനും ടേബിൾ അനുവദിക്കാനുള്ള മൂന്നാം ഘട്ട റാൻഡമൈസേഷൻ വോട്ടെണ്ണൽ ദിവസമായ മെയ് നാലിന് രാവിലെ അഞ്ച് മണിക്കും നടക്കും.
ഓരോ കൗണ്ടിംഗ് ടേബിളുകളും ബാരിക്കേഡ്, വയർ മെഷ് എന്നിവ ഉപയോഗിച്ച് വേർതിരിക്കും. ബാരിക്കേഡിന് പുറത്ത് നിന്ന് മാത്രം കൗണ്ടിംഗ് ഏജന്റുമാർക്ക് കൗണ്ടിംഗ് പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഇരിപ്പിടം സജ്ജീകരിക്കും. വോട്ടെണ്ണലിന് ശേഷം ഇവിഎം ജില്ലാ ഇവിഎം വെയർ ഹൌസിലും സ്റ്റാറ്റിയൂട്ടറി കവറുകൾ മറ്റ് ഇലക്ഷൻ റിക്കാർഡുകളും ട്രഷറിയിലുമാണ് സൂക്ഷിക്കുക.
നിരീക്ഷകൻ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വരണാധികാരി, ഉപവരണാധികാരി, കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർ, സ്ഥാനാർഥി, ഇലക്ഷൻ ഏജന്റ് എന്നിവരൊഴികെ ആർക്കും തന്നെ കൗണ്ടിംഗ് ഹാളിനുള്ളിൽ പ്രവേശനമില്ല. കൗണ്ടിംഗ് ഹാളും സ്‌ട്രോങ് റൂമുകളിൽ നിന്നും കൗണ്ടിംഗ് ഹാളിലേക്കുള്ള വഴികളും പൂർണമായി സിസിടിവി നീരിക്ഷണത്തിലായിരിക്കും
കർശനമായ പോലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ ജീവനക്കാരെയും ഏജൻറുമാരെയും കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കൂ. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ സംസ്ഥാന പോലീസ് ബാരിക്കേഡ് വെച്ച് സുരക്ഷാകവചം ഒരുക്കും. ഒരു വാഹനവും ഇവിടെ മുതൽ കടത്തിവിടില്ല. രണ്ടാമത്തെ സുരക്ഷാവലയം വോട്ടെണ്ണൽ കേന്ദ്രത്തിന്റെ ഗേറ്റിൽ സംസ്ഥാന ആംഡ് പൊലീസിന്റേതാണ്. ഇവിടെ പരിശോധന നടത്തും. മൊബൈൽ ഫോൺ, ഐപാഡ്, ലാപ്ടോപ്പ് അല്ലെങ്കിൽ സമാന ഇലക്ട്രോണിക് ഉപകരണങ്ങൾ, റെക്കോർഡിങ് ഉപകരണങ്ങൾ എന്നിവ വോട്ടെണ്ണൽ ഹാളിലേക്ക് കൊണ്ടുപോകാൻ പാടില്ല. ആയുധങ്ങൾ, തീ പിടിപ്പിക്കാൻ സാധ്യതയുള്ള മറ്റ് വസ്തുക്കൾ എന്നിവയും കൊണ്ടുപോകാൻ പറ്റില്ല. വോട്ടെണ്ണൽ ദിവസം രാത്രി ഒൻപത് മണി വരെയാണ് രാഷ്ട്രീയപാർട്ടികൾക്ക് പ്രകടനവും മറ്റും നടത്താൻ അനുവാദമുണ്ടാകുക.
ഒരോ കൗണ്ടിംഗ് ടേബിളിലും സ്ഥാനാർഥികൾക്ക് ഒരു കൗണ്ടിംഗ് എജന്റിനെ നിയമിക്കാവുന്നതാണ്. കൗണ്ടിംഗ് എജന്റ് ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതിലേക്കായി സ്ഥാനാർഥികളോ/ ഇലക്ഷൻ ഏജന്റോ ഫോറം 18ൽ കൗണ്ടിംഗ് എജന്റുമാരുടെ പേര് വിവരങ്ങൾ ഫോട്ടോ സഹിതം രണ്ട് കോപ്പി തയ്യാറാക്കി അതിന്റെ ഒരു സെറ്റ് വരണാധികാരിക്ക് ഏപ്രിൽ 30 ന് വെകീട്ട് അഞ്ച് മണിക്ക് മുമ്പായി നൽകേണ്ടതാണ്. രണ്ടാമത്തെ കോപ്പി വോട്ടെണ്ണൽ ദിവസം വരണാധികാരിക്ക് മുമ്പാകെ ഹാജരാക്കുന്നതിനായി ഏജന്റിന് നൽകണം. ഇത് ലഭിക്കുന്ന മുറയ്ക്ക്, വരണാധികാരി തന്റെ സീലും ഒപ്പും പതിച്ച ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ തയ്യാറാക്കി സ്ഥാനാർഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ കൈപ്പറ്റ് രസീത് വാങ്ങി നൽകും. വരണാധികാരികൾ അനുവദിച്ചിട്ടുള്ള കൗണ്ടിംഗ് എജന്റ് പാസുകൾ ഉള്ളവരെ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കൂ.
.jpg)

