പുലിഭീതിയിൽ കണ്ണൂർ ചെങ്ങളായി..! പരിശോധന നടത്തിയതിൽ പുലിയെ കണ്ടെത്താനായില്ല
ചെങ്ങളായി: ഗ്രാമപഞ്ചായത്തിൽ പുലിയുടെ കാല്പാടുകൾ കാണപ്പെട്ട ചുഴലി പടിഞ്ഞാറെ മൂല കുളത്തൂർ എന്നിവിടങ്ങളിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിൽ പുളിക്കായി തിരച്ചിൽ നടത്തി. ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന, വില്ലേജ് ഓഫീസർ രാജൻ എ.പി, തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്‌ണൻ പി.വി. ശ്രീകണ്‌ഠാപുരം സെക്ഷൻ ഫോറസ്റ് ഓഫീസർ എ.കെ. ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കരാമരം തട്ട് സെക്ഷൻ, സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ , ശ്രീകണ്ഠാപുരം സെക്ഷൻ എന്നിവിടങ്ങളിലെ ജീവനക്കാർ , വാർഡ് മെമ്പർമാർ, നാട്ടുകാർ, പഞ്ചായത്ത് സുരക്ഷാ സേനയായ 'സജ്ജം' അംഗങ്ങൾ, ബെന്നി മറ്റത്തിലിന്റെ നേതൃത്വത്തിലുള്ള കർഷക രക്ഷാ സേനാ ഷൂട്ടേഴ്സ് അംഗങ്ങൾ എന്നിവർ അടുങ്ങുന്ന 60 ഓളം പേർ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയതിൽ പുലിയെ കണ്ടെത്താനായില്ല. ഇന്ന് രാത്രിയിൽ തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതാണെന്ന് തളിപ്പറമ്പ റെയിഞ്ച് ഓഫീസർ അറിയിച്ചു.

കഴിഞ്ഞദിവസം ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൊന്നത് പുലി ആണെന്ന് സ്ഥിരീകരിച്ചിരുന്നു. റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണന്റെ നേതൃത്വത്തിൽ തളിപ്പറമ്പ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പുലി ആണെന്ന് സ്ഥിരീകരിച്ചിരുന്നത്. തുടർന്ന് പന്നിയെ കടിച്ച് കൊണ്ടുപോകുന്ന പുലിയെ കണ്ടതായി നാട്ടുകാരും പറഞ്ഞു. പ്രദേശത്ത് ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
.jpg)

