മുഖച്ഛായ മാറാനൊരുങ്ങി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; സമഗ്രവികസനം സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റങ്ങള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kannur International Airport is getting ready for a facelift; Chief Minister VD Satheesan says major changes that will enable comprehensive development will be implemented within a year

കണ്ണൂര്‍:  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റങ്ങള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയര്‍ കാര്‍ഗോ കോംപ്ലക്സ്, 4 മെഗാവാട്ട് സോളാര്‍ പവര്‍ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിലാണ് വിമാനത്താവള വികസനത്തിനായി വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.  സംസ്ഥാനത്തിന്റെ ജിഡിപിക്ക് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോള്‍' പദവി ഇല്ലാത്തതുകൊണ്ട് അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ നടത്താന്‍ പറ്റാത്ത സ്ഥിതിയുണ്ട്. ഇതിനൊരു പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ പുതുതായി രണ്ടായിരത്തോളം വിമാനങ്ങളാണ് നിലവില്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. അവ വരുന്നതോടെ പൈലറ്റുമാരുടെ വലിയ കുറവ് രാജ്യത്തുണ്ടാകും. ഇതു മുന്നില്‍ക്കണ്ട് ഒരു പൈലറ്റ് പരിശീലന കേന്ദ്രം കണ്ണൂരില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഹെലികോപ്റ്റര്‍ പൈലറ്റ് ട്രെയിനിംഗ് സെന്റര്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് സംവിധാനം, സിമുലേറ്റര്‍ ട്രെയിനിംഗ് കേന്ദ്രം തുടങ്ങി ഏവിയേഷനുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലൂടെ വിമാനത്താവളത്തെ ഒരു ഏവിയേഷന്‍ ഹബ്ബ് ആക്കി മാറ്റാന്‍ ശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളങ്ങളെ ഏവിയേഷന്‍ ഹബ്ബുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചി എയര്‍പോര്‍ട്ടില്‍ ഒരു കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സിയാലിന് ഏറ്റവും കുറഞ്ഞ ചെലവില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള മനുഷ്യവിഭവശേഷിയുണ്ട്. ഇതുവഴി ഒരു മാസത്തിനുള്ളില്‍ തന്നെ ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടിലെ ഒരു പദ്ധതി സിയാല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

നമ്മുടെ സംസ്ഥാനത്ത് സോളാര്‍ എനര്‍ജി സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനമില്ലെന്നത് വലിയ പ്രശ്നമാണ്. പകല്‍ മാത്രമേ അത് ഉപയോഗിക്കാന്‍ പറ്റുന്നുള്ളൂ. അധിക വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഗ്രിഡിലേക്ക് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കാന്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ഒരു കൂട്ടം വീടുകള്‍ക്കുമായി പൊതുവായ സ്റ്റോറേജ് ബാറ്ററി ഫെസിലിറ്റി ആരംഭിക്കാന്‍ പദ്ധതി ആലോചനയിലുണ്ട്. അതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉടനെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി എയര്‍പോര്‍ട്ടില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ അവിടത്തെ സോളാര്‍ സംവിധാനത്തിന്റെ ഒരു ഭാഗം കണ്ണൂരിലേക്ക് മാറ്റുന്നത് പരിഗണനയിലുണ്ട്. കണ്ണൂര്‍ നഗരത്തെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

എയര്‍പോര്‍ട്ടിന്റെ രണ്ടാം റണ്‍വേ വികസനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച 240 ഏക്കര്‍ ഭൂമി അതിന് അനുയോജ്യമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്ന പ്രദേശവാസികളുടെ പ്രശ്നത്തിന് രണ്ട് മാസത്തിനുള്ളില്‍ ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷനായി. എംപിമാരായ കെ. സുധാകരന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി ഇന്ദിര, എം.എല്‍.എമാരായ ടി.ഒ. മോഹനന്‍, വി.കെ. സനോജ്, പി.കെ. പ്രവീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ്, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ, ഡോ. എം.പി. ഹസ്സന്‍ കുഞ്ഞി, കിയാല്‍ എംഡി സി ദിനേശ് കുമാര്‍, എഞ്ചിനീയറിംഗ് വിഭാഗം തലവന്‍ അബ്ദുല്‍ സലാം, മുന്‍ കേന്ദ്ര സെക്രട്ടറി അശോക് കുമാര്‍, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags