നെറ്റ് പരീക്ഷാ ക്രമക്കേട് : എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം, പൊലിസിന് നേരെ ഭീഷണി പ്രസംഗവുമായി നേതാക്കൾ
ധർണയ്ക്കിടെ നേതാക്കൾ പൊലിസിന് നേരെ ഭീഷണി പ്രസംഗം മുഴക്കി. സംഘപരിവാറിൻ്റെ കാക്കി കളസം അണിഞ്ഞ ചില പൊലിസുകാർ കണ്ണൂരിലുണ്ടെന്നും ഇവരുടെ ചുമലിലെ നക്ഷത്രം നോക്കാതെ തിരിച്ചടിക്കുമെന്നും എസ്എഫ്ഐ ജില്ലാ നേതാക്കൾ പറഞ്ഞു.
കണ്ണൂർ: നെറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ചു രാജ്യമാകെ നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ ഭാഗമായി കണ്ണൂരിലും സംഘർഷം.
എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിൽ പൊലിസുമായി ഉന്തുംതള്ളും ബലപ്രയോഗവും നടന്നു. ഹെഡ് പോസ്റ്റ് ഓഫീസ് ക വാടത്തിന് മുൻപിൽ പ്രതിഷേധ പ്രകടനവുമായെത്തിയ പ്രവർത്തകർ കണ്ണൂർ ടൗൺ പൊലിസ് ഉയർത്തിയ ബാരിക്കേഡ് മറികടന്ന് ചാടി പോസ്റ്റ് ഓഫീസ് മുറ്റത്തേക്ക് എത്തി.
ഇതിനിടയിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പൊലിസുകാർ നോക്കി നിൽക്കെ വനിതാ പ്രവർത്തകരെ പുരുഷ പൊലിസുകാർ പിടികൂടാൻ ശ്രമിച്ചത് പ്രവർത്തകരിൽ പ്രകോപനമുണ്ടാക്കി.

ഇതിൽ പ്രതിഷേധിച്ചു നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ വിദ്യാർത്ഥികൾ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
ധർണയ്ക്കിടെ നേതാക്കൾ പൊലിസിന് നേരെ ഭീഷണി പ്രസംഗം മുഴക്കി. സംഘപരിവാറിൻ്റെ കാക്കി കളസം അണിഞ്ഞ ചില പൊലിസുകാർ കണ്ണൂരിലുണ്ടെന്നും ഇവരുടെ ചുമലിലെ നക്ഷത്രം നോക്കാതെ തിരിച്ചടിക്കുമെന്നും എസ്എഫ്ഐ ജില്ലാ നേതാക്കൾ പറഞ്ഞു. ലാത്തി ഞങ്ങൾക്കും കിട്ടും കൊടി കെട്ടുന്ന വടിയും പൈപ്പും ഉപയോഗിക്കും എസ്എഫ്ഐക്ക് നേരെ വന്നാൽ സതീശൻ്റെ പൊലിസിന് നേരെ പട്ടാപകൽ തിരിച്ചടിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇതിനെക്കാൾ വലിയ സന്നാഹങ്ങൾ നേരിട്ട സംഘടനയാണ് എസ് എഫ് ഐയെന്ന് ഓർക്കണമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
എസ് എഫ് ഐ കണ്ണൂർജില്ലാ ഭാരവാഹികളായ ജോയൽ തോമസ്, ടി പി ആദർശ് എന്നിവരാണ് മാധ്യമങ്ങൾക്ക് മുൻപിൽ പൊലിസിനെതിരെ ഭീഷണി പ്രസംഗം നടത്തിയത്. സമരം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി അഖില ഉദ്ഘാടനം ചെയ്തു സ്വാതി പ്രദീപ് പ്രസംഗിച്ചു. തുടർന്ന് പൊലിസ് അറസ്റ്റുചെയ്യാതെ വന്നതോടെ പ്രവർത്തകർ സ്വയം പിരിഞ്ഞു പോയി.
.jpg)

