കണ്ണൂർ തളാപ്പ് ചെങ്ങിനിപ്പടി യുപി സ്‌കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു


കണ്ണൂർ : തളാപ്പ് ചെങ്ങിനിപ്പടി യുപി സ്‌കൂൾ ഇനി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. പുതുതായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. വായു, വെള്ളം, വെളിച്ചം പോലെ എല്ലാവർക്കും തുല്ല്യമായി വിദ്യാഭ്യാസം ലഭിക്കണമെന്ന ഗാന്ധി ദർശനം പ്രാവർത്തികമായതിനാലാണ് കേരളം വിദ്യാഭ്യാസ മേഖലയിൽ മുൻപന്തിയിലെത്തിയതെന്ന് മന്ത്രിപറഞ്ഞു. തളാപ്പ് എകെജി ആശുപത്രിക്ക് സമീപത്തെ പഴയ കെട്ടിടത്തിൽ നിന്ന് ചെട്ടിപ്പീടിക-തുളിച്ചേരി വയൽ റോഡിൽ പുതുതായി പണിത മൂന്നുനില കെട്ടിടത്തിലേക്കാണ് വിദ്യാലയം മാറിയത്.
പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിന് സമർപ്പിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. പ്രീ പ്രൈമറി ക്ലാസ് മുറിയുടെ ഉദ്ഘാടനം കെ.വി സുമേഷ് എംഎൽഎ നിർവഹിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. സൂരജ്‌സൺ, സംഘാടക സമിതി ചെയർമാൻ ആർ അനിൽകുമാർ, ഹെഡ്മിസ്ട്രസ് ടി.വി അനുരൂപ എന്നിവർ സംസാരിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരായ അഡ്വ. മാർട്ടിൻ ജോർജ്, ടി രവീന്ദ്രൻ, കൂക്കിരി രാജേഷ്, സി സുനിഷ, പനയൻ ഉഷ, വി.കെ ഷൈജു, മാധവറാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ പ്രമോദ്, വെള്ളോറ രാജൻ, കാടൻ ബാലകൃഷ്ണൻ, സി.കെ വിനോദ്, ടി.വി അജിതകുമാരി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
