കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വികസന സൊസൈറ്റി യോഗം ചേർന്നു:രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ തീരുമാനം

Kannur Govt. Medical College Development Society meeting held: Decision taken to enhance facilities for patients and their attendants.

പരിയാരം :കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. ജില്ലാ കലക്ടർ പി വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന, പുനസംഘടിപ്പിച്ച എച്ച്ഡിസിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. രോഗികൾക്കാവശ്യമായ മരുന്നുകൾ തടസ്സമില്ലാതെ എത്തിച്ചുനൽകും. ആവശ്യത്തിന് ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സ് എന്നിവരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. മികച്ച പരിശോധനാ സംവിധാനങ്ങൾ ഒരുക്കുന്നതിനോടൊപ്പം രോഗികൾക്ക് വീൽ ചെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ  കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാവശ്യമായ വികസന പദ്ധതിക്കും യോഗം രൂപം നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളുടെ ഭാഗത്തുനിന്നും മാധ്യമങ്ങളിലും ഉയർന്നുവന്ന വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ മന്ത്രിയുടെ പ്രതിനിധി അഡ്വ. മാർട്ടിൻ ജോർജ്, ജില്ലയിലെ മന്ത്രിയുടെ പ്രതിനിധി സി കെ ഇബ്രാഹിം, കണ്ണൂർ എംപിയുടെ പ്രതിനിധി കെ സി വിജയൻ, കാസർഗോഡ് എംപിയുടെ പ്രതിനിധി കെ ജയരാജൻ, വടകര എംപിയുടെ പ്രതിനിധി എം ഉമ്മർ, വനിതാ പ്രതിനിധി രജനി രാമാനന്ദൻ, എസ് സി / എസ് ടി  പ്രതിനിധി സാജി നാരായണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ ടി മാധവൻ, ലേ സെക്രട്ടറി എൻ കെ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Tags