ഒരുക്കങ്ങൾ പൂർത്തിയായി ;കണ്ണൂർ ഗ്ലോബൽ ജോബ് ഫെയറിനു 11നു തുടക്കമാകും

Preparations are complete; Kannur Global Job Fair will start on 11
Preparations are complete; Kannur Global Job Fair will start on 11

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നാട്ടിലും വിദേശത്തുമുള്ള കമ്പനികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഗ്ലോബൽ ജോബ് ഫെയർ 11, 12 തീയ്യതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ ഏറ്റവും വിപുലമായ ജോബ് ഫെയറിനാണ് കണ്ണൂരിൽ വേദിയൊരുങ്ങുന്നത്. 

കേവലം ജോബ് ഫെയറിനപ്പുറം ഉദ്യോഗാർഥികൾക്ക് വ്യത്യസ്ത അനുഭൂതി സമ്മാനിക്കുന്ന രീതിയിലാണ് മേള ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും അറുപതോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയിൽ വ്യത്യസ്തമേഖലകളിലായി രണ്ടായിരത്തോളം അവസരങ്ങൾ ലഭിക്കും.

തൊഴിലധിഷ്ഠിത എക്സ്പോ, എജ്യുക്കേഷന്‍ ആൻഡ് കരിയർ ഫെസ്റ്റിവൽ, ആഗോള തൊഴിൽ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകൾ, കോർപ്പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും  ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടെ വിവിധ സെഷനുകളും ഫെയറിന്റെ ഭാഗമായി നടക്കും.ജോബ് ഫെയറിന്റെ ഔപചാരിക ഉദ്ഘാടനം 11നു രാവിലെ 9.30ന് കെ സുധാകരൻ എംപി നിർവഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനാകും. കെ വി സുമേഷ് എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും.
11 മണിക്ക് ആദ്യ സെഷൻ 'പ്രൊഫഷണൽ മികവ്, ക്രിയേറ്റിവ് മൈൻഡ്' എന്ന വിഷയം ഡി.സി.ഐ ഗ്രൂപ്പ് ഡയറക്ടർ അനിൽ കുമാർ മഠത്തിൽ അവതരിപ്പിക്കും. 

ഉച്ചക്ക് 12ന് 'ആരോഗ്യ രംഗത്തെ അനന്ത സാധ്യതകൾ' എന്ന വിഷയം മോണ്ട്ഗോ ഹെൽത്ത് സിസ്റ്റംസ് മാനേജിംഗ് ഡയറക്ടറും സീനിയർ ഹെൽത്ത് കെയർ കൺസൽട്ടന്റുമായ ഷൗക്കത്തലി മാതോടവും ഉച്ചക്ക് രണ്ടിന് 'നിർമ്മിത ബുദ്ധിയുടെ ലോകം, തൊഴിൽ മേഖലയിലെ മാറ്റങ്ങൾ' എന്ന വിഷയം കെൻപ്രിമോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഐ ടി പ്രൊഫഷണലുമായ എം കെ നൗഷാദും അവതരിപ്പിക്കും. 12നു രാവിലെ 10ന് 'കോർപറേറ്റ് വിജയത്തിലേക്കുള്ള യാത്ര' എന്ന സെഷൻ ടാലന്റ് മാനേജ്‌മെന്റ് എക്‌സ്‌പേർട്ട് അമൃതാ രാമകൃഷ്ണൻ അവതരിപ്പിക്കും. ഉച്ചക്ക് 12ന് 'തൊഴിൽ തെരഞ്ഞെടുപ്പും വിപണിയുമായി പൊരുത്തപ്പെടുന്ന വൈദഗ്ധ്യവും' എന്ന വിഷയത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം നാഷണൽ കരിയർ സർവീസ് പരിശീലകൻ സി കെ ഷമീർ സംസാരിക്കും. വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം രജിസ്ട്രേഷൻ-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി പി സന്തോഷ്‌ കുമാർ എംപി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി എന്നിവർ മുഖ്യാതിഥിയാകും.

കണ്ണൂരിനു പുറമെ വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളും മേളയിൽ പങ്കെടുക്കും. ഇതിനോടകം 9000 ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സ്പോട്ട് രജിസ്ട്രേഷനും സൗകര്യവും  ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാനായി രണ്ടുദിവസങ്ങളിലായി സ്ലോട്ടിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ലഭിക്കുന്ന സ്ലോട്ടിന് അനുസരിച്ച് മാത്രമേ പങ്കെടുക്കാവൂ.

ഫിനാൻസ്, അഡ്മിനിസ്‌ട്രേഷൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, എജ്യൂക്കേഷന്‍, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് പ്രൊസസിങ്, മാനുഫാക്ചറിങ്, കണ്സ്ട്രക്ഷൻ, ഓട്ടോമൊബൈൽസ്, ടെക്സ്റ്റൈൽസ്, മീഡിയ, ജേണലിസം ആൻഡ് കമ്യൂണിക്കേഷന്‍, ക്രിയേറ്റീവ് ജോലികൾ തുടങ്ങി നിരവധി മേഖലയിലെ തൊഴിലവസരങ്ങള്‍ ജോബ് ഫെയറിലൂടെ സാധ്യമാക്കും. കെ.വി.ആർ ഗ്രൂപ്പിൻറെ വെഹിക്കിൾ എക്സ്പോയും മേളയിൽ ഒരുക്കിയിട്ടുണ്ട്. ബ്രാന്റ്ബേ മീഡിയയുടെ സഹകരണത്തോടെയാണ് ജോബ് ഫെയർ ഒരുക്കുന്നത്. ഉദ്യോഗാർഥികൾക്ക് www.kannurglobaljobfair.com എന്ന വെസ്‌ബൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

വാർത്താസമ്മേളനത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷരായ പി കെ രാഗേഷ്,  എം പി രാജേഷ്,  വി കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, മുൻ മേയർ ടി ഒ മോഹനൻ, കൗൺസിലർമാരായ, കെ പി അബ്ദുൽറസാഖ്,  ടി രവീന്ദ്രൻ, എൻ ഉഷ, വി കെ ഷൈജു, ബ്രാൻഡ്ബേ മാനേജിംഗ് ഡയറക്ടർ സൈനുദ്ദീൻ ചേലേരി എന്നിവർ പങ്കെടുത്തു.

Tags