കണ്ണൂർ ജില്ലയിലെ വോട്ടർ പട്ടിക ശുദ്ധീകരണം നവംബർ 30നകം പൂർത്തിയാക്കണം: ചീഫ് ഇലക്ടറൽ ഓഫീസർ
കണ്ണൂർ: ജില്ലയിലെ വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയ നവംബർ 30നകം പൂർത്തിയാക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി സജിത്ത് ബാബു. ജില്ലാ കലക്ടറേറ്റിൽ നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 30നു മുമ്പ് ലഭിക്കുന്ന എഎസ്ഡി (ആബ്‌സന്റ്, ഷിഫ്റ്റ്, ഡെത്ത്) അപേക്ഷകളിൽ പൂർണമായി നടപടികൾ സ്വീകരിക്കണം. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള മരണ രജിസ്റ്റർ പ്രകാരം മരണപ്പെട്ടവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഓരോ മാസവും സ്വീകരിക്കണം. സ്ഥലത്തില്ലാത്തവരും സ്ഥലം മാറിപ്പോയവരുമായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകൾ വച്ചുതാമസിപ്പിക്കുന്ന ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പോളിംഗ് സ്‌റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. റാംപ്, ടോയ്‌ലെറ്റ്, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അവിടങ്ങളിൽ ഉറപ്പുവരുത്തണം. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത പോളിംഗ് സ്‌റ്റേഷനുകൾ മാറ്റി പുതിയത് കണ്ടെത്തുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. വിദ്യാലയങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ സജീവമാക്കുകയും അവ ഓൺലൈനിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജ്, സബ് കളക്ടർ രവി മീണ, അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ വി ശ്രുതി, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇവിഎം-വിവിപാറ്റ് വെയർ ഹൗസും സിഇഒ സന്ദർശിച്ചു. സന്ദർശന വേളയിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ വി ശ്രുതി എന്നിവർക്കു പുറമെ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി എം ഗോപിനാഥൻ (ഐഎൻസി), സി എറമുള്ളാൻ (ഐയുഎംഎൽ), കെ ശഹറാസ് (സിപിഐഎം), എം ഗംഗാധരൻ (സിപിഐ) തുടങ്ങിയവരും സന്നിഹിതരായിരുന്നു.
.jpg)

