കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ ലക്ഷ്യമിട്ട് വലതുപക്ഷ മാധ്യമങ്ങൾ ചമക്കുന്ന വ്യാജ വാർത്തകൾ തള്ളിക്കളയുന്നതായി ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവന

Kannur District Secretariat statement rejects fake news being spread by right-wing media targeting Kannur District Secretary KK Ragesh

കണ്ണൂർ : ജില്ലാ സെക്രട്ടറി സ. കെ കെ രാഗേഷിനെ ലക്ഷ്യമിട്ട് തുടർച്ചയായി വലതുപക്ഷ മാധ്യമങ്ങൾ ചമക്കുന്ന വ്യാജ വാർത്തകൾ ജില്ലാ സെക്രട്ടറിയേറ്റ് തള്ളിക്കളയുന്നതായി പ്രസ്താവന. പാർട്ടി ജില്ലാ കമ്മറ്റി ഐക കണ്‌ഠേനയാണ്‌ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നും തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന്  ജില്ലാ സെക്രട്ടറിക്കെതിരായി  മാധ്യമങ്ങൾ തുടർച്ചയായി നിർമിത കഥകൾ ചമയ്ക്കുകയാണെന്നും അത് സിപിഐ എമ്മിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണെന്നും ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. 

ജില്ലാസെക്രട്ടറിയെ ‘നിയമിച്ചതിനെതിരെ' ദേശീയ നേതൃത്വത്തിന് ജില്ലയിലെ ചില നേതാക്കൾ പരാതി നൽകി എന്നാണ് പുതിയ വ്യാജ നിർമിതി. ആരാണ് പരാതി അയച്ചത്, ആർക്കാണയച്ചത് എന്നൊന്നെും വെളിപ്പെടുത്താതെ, ഏതോ കേന്ദ്രത്തിൽ നിന്നും ബോധപൂർവം വാർത്തകൾ ഉൽപാദിപ്പിക്കുകയാണ്. സിപിഐ എമ്മിൽ ജില്ലാ സെക്രട്ടറിയെ നിയമിക്കലല്ല, ജനാധിപത്യ പരമായി തെരഞ്ഞെടുക്കുകയാണ്. കണ്ണൂരിൽ ഏകകണ്ഠമായാണ് ജില്ലാസെക്രട്ടറിയെ തെരഞ്ഞെടുത്ത്. എന്നിട്ടും  സിപിഐ എം സംഘടനാ രീതിയെ അപഹസിക്കുന്ന നിലയിൽ വാർത്തകളുണ്ടാക്കുന്നത് ബോധപൂർവമാണ്.

പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി  ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വലിയ വിമർശനം എന്ന നിലയിൽ കഴിഞ്ഞ ദിവസം വാർത്തയുണ്ടായി. പോസ്റ്റിലെ കമന്റ് ഭാഗം പൂട്ടി എന്നുവരെ ചിലർ വാർത്ത നൽകി. പാർട്ടി പ്രവർത്തകർ എന്ന വ്യാജേന ഉണ്ടാക്കിയ പ്രൊഫൈലുകളിലൂടെയും അല്ലാതെയും പാർട്ടി ശത്രുക്കൾ നടത്തിയ സൈബർ ബുള്ളിയിങ്ങിനെയാണ് 'ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി പ്രവർത്തകർ' എന്ന നിലയിൽ ആധികാരിക വാർത്തയാക്കി അവതരിപ്പിച്ചത്. എന്നാൽ അതിൽ വ്യാജ വിമർശകരെക്കാളും ഇരട്ടി, പിന്തുണക്കുന്നവർ ഉണ്ടായിരുന്നു എന്ന വസ്തുത ബോധപൂർവം ഇക്കൂട്ടർ മറച്ചു വെച്ചു. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം. 
മുമ്പും ഇത്തരത്തിൽ വ്യാജ വാർത്തകളുടെ കുത്തൊഴുക്കുണ്ടായിരുന്നു.

 ജില്ലാ സെക്രട്ടറി, ന്യൂനപക്ഷ വർഗീയതയെ വിമർശിച്ചതിനെ ന്യൂനപക്ഷങ്ങളെയാകെ അധിക്ഷേപിച്ചു എന്ന നിലയിൽ വളച്ചൊടിച്ചു. ‘ബിജെപി സാധീനമുണ്ടാക്കാൻ കൂടുതൽ ലക്ഷ്യം വക്കുന്നത് സിപിഐ എമ്മിനെ' എന്നു പറഞ്ഞതിനെ, ‘ബിജെപിക്ക് സ്വാധീനിക്കാൻ കഴിയുന്നത് സിപിഐ എമ്മിനെ' എന്ന രീതിയിലും വക്രീകരിച്ചു. ‘തളിപ്പറമ്പിൽ മുമ്പും ഇടതുപക്ഷം തോറ്റിട്ടുണ്ട്' എന്ന് പറഞ്ഞതായും വാർത്ത ചമച്ചു. 
ഇതിനെല്ലാം പിന്നിൽ പാർടിയെ അപഹാസ്യമാക്കുക എന്ന ബോധപൂർവമായ അജണ്ടയുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇടതുപക്ഷം എന്ന് തോന്നിക്കുന്ന വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ആക്രമണം. ഇതിനെ മുഖ്യധാര മാധ്യമങ്ങൾ ആഘോഷിക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്‌. നേതൃത്വത്തിനെതിരെയുള്ള പൊതുബോധ നിർമിതിയാണ്‌ നടക്കുന്നത്‌. ഇക്കാര്യം പാർടി പ്രവർത്തകരും ബന്ധുക്കളും തിരിച്ചറിയണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.

Tags