കണ്ണൂർ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ കാർഷിക-വിദ്യാഭ്യാസ-പാർപ്പിട മേഖലയിൽ മുൻതൂക്കം വികസനവും പ്രതിരോധവും ലക്ഷ്യം


കണ്ണൂർ: കാർഷിക-വിദ്യാഭ്യാസ-പാർപ്പിട മേഖലയിൽ മുൻതൂക്കം നൽകി കൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്ബഡ്ജറ്റ്. വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ബജറ്റിൽ തുക നീക്കിവെച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ അവതരിപ്പിച്ച 2025 - 26 വർഷത്തെ ബഡ്ജറ്റിൽ ലൈഫ് ഭവന പദ്ധതിക്കായി 11 കോടി 88 ലക്ഷം, വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ സോളാർ ഹാങിംഗ് ഫെൻസ് സ്ഥാപിക്കാൻ 50 ലക്ഷം, വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി 30 ലക്ഷം,കൃഷി മേഖലയിൽ നെൽകൃഷി പ്രോത്സാഹനത്തിന് 2 കോടി 86 ലക്ഷം, കൈപ്പാട് കൃഷി 20 ലക്ഷം, പാടശേഖര അടിസ്ഥാന സൗകര്യവികസനം 70 ലക്ഷം, തരിശ് രഹിത ജില്ല പദ്ധതി 50 ലക്ഷം, പച്ചക്കറി - പഴം നടീൽ വസ്തുക്കൾ വിതരണം 30 ലക്ഷം, കരിമ്പം ജില്ലാ കൃഷി തോട്ടത്തിലെ വിവിധ പദ്ധതികൾക്ക് 1 കോടി 84 ലക്ഷം,കാങ്കോൽ, വേങ്ങാട്, കൊമ്മേരി ഫാമുകൾക്കായി 3 കോടി 37 ലക്ഷം, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി നൽകാനായി 2 കോടി, ചാണക സംസ്കരണം 20 ലക്ഷം, ജില്ലാ വെറ്ററിനറി കേന്ദ്രം 20 ലക്ഷം, കുടുംബശ്രീ വനിതകൾക്ക് തൊഴിൽ പരിശീലനത്തിന് 10 ലക്ഷം, ബഡ്സ് സ്കൂൾ പ്രവർത്തനം 15 ലക്ഷം, തോട്ടട കാഴ്ച്ച പരിമിതരുടെ വിദ്യാലയ നവീകരണം 9 ലക്ഷം, വയോജന വിശ്രമ കേന്ദ്രം 50 ലക്ഷം, ട്രാൻസ് ജെൻഡർ പദവി പഠനം 3 ലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് 1 കോടി 50 ലക്ഷം,വനിതാ ഫിറ്റ്നസ് സെന്ററുകൾക്ക് 30 ലക്ഷം, പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി പായം, ചെങ്ങളായി, മയ്യിൽ, പയ്യാവൂർ പഞ്ചായത്തുകൾക്കായി 4 കോടി രൂപയും വകയിരുത്തി.
വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി 45 ലക്ഷം, വിദ്യാലയങ്ങളിൽ അസംബ്ലി ഹാൾ നിർമിക്കാൻ 4 കോടി 60 ലക്ഷം, 73 സ്കൂളുകൾക്ക് നവീകരണത്തിനായി 4 കോടി 86 ലക്ഷം, കെട്ടിട നിർമാണം 70 ലക്ഷം, ഗ്രൗണ്ട് നവീകരണം 1 കോടി 20 ലക്ഷം, ചുറ്റുമതിൽ നിർമാണം 1 കോടി 40 ലക്ഷം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി 10 ലക്ഷം ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 25 കോടി 48 ലക്ഷം രൂപയാണ് വകയിരുത്തിയത്. സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് 1 കോടി 50 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി സമൂഹത്തിന്റെ ഉന്നമനത്തിനായി 2.62 കോടി, പട്ടിക വർഗ വിഭാഗം ഉന്നമനം 1.72 കോടി, ജില്ലയിലെ പ്രധാന നിരത്തുകളിൽ ടെക്ക് എ ബ്രേക്ക് പദ്ധതി 75 ലക്ഷം, റോഡ്നവീകരണം 15 കോടി , തീർഥാടക കേന്ദ്രങ്ങളിൽ അമ്മയ്ക്കൊരിടം പദ്ധതി 25 ലക്ഷം, ജില്ലാ ആശുപത്രി വിവിധ പദ്ധതികൾക്കായി 5.95കോടി, ജില്ലാ ആയുർവേദ ആശുപത്രി 1.72 കോടി, ഹോമിയോ ആശുപത്രി 2.3 കോടി രൂപയും വകയിരുത്തി.
155കോടി 82 ലക്ഷം രൂപ വരവും 153 കോടി 16 ലക്ഷം രൂപ ചിലവും 2,65,30968 രൂപ മിച്ചം വച്ചുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ടി സരള , യു പി ശോഭ, വി കെ സുരേഷ് ബാബു,ശ്രീജനി, ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് വക്കത്താനം, ഇ വിജയൻ, കല്ലാട്ട് ചന്ദ്രൻ, എൻ പി ശ്രീധരൻ , ടി രാഘവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു ജില്ലാ പഞ്ചായത്ത് സെകട്ടറി ടൈനി സൂസൻ ജോൺ സംബന്ധിച്ചു.
