കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി: കരുതലിന്റെ കൂടണഞ്ഞ് 24 കുടുംബങ്ങൾ
പഴയങ്ങാടി : കണ്ണൂർജില്ലാ പഞ്ചായത്ത്, ഏഴോം ഗ്രാമപഞ്ചായത്തിൽ 24 പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്ലാറ്റുകളുടെ താക്കോൽ തദ്ദേശസ്വയംഭരണ, വകുപ്പ് മന്ത്രി എം. ബി. രാജേഷ് കൈമാറി. ജില്ലാ പഞ്ചായത്തിന്റെയും പട്ടികജാതി വകുപ്പിന്റെയും സമാനതകളില്ലാത്ത പദ്ധതിയാണ് ഏഴോം ഭവനസമുച്ചയമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 24 പട്ടികജാതി കുടുംബങ്ങൾക്കാണ് ഭവന സമുച്ചയത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്.
ലൈഫ് പദ്ധതിയിൽ ഇതുവരെ 4,64,304 വീടുകളുടെ പണി പൂർത്തിയായതായി മന്ത്രി പറഞ്ഞു. 1,33,595 വീടുകളുടെ പണി പൂർത്തിയായി വരുന്നു. ഭൂമിയുടെ ലഭ്യതക്കുറവ് മൂലം 29 ഇടങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങളുടെ പണി നടന്നു വരുന്നു. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിക്കായി 19000 കോടി രൂപയാണ് ചെലവാക്കിയതെന്നും മന്ത്രി പറഞ്ഞു.
എം വിജിൻ എം എൽ എ അധ്യക്ഷനായി.24 കുടുംബങ്ങൾക്കുള്ള താക്കോൽ മന്ത്രി കൈമാറി. നിർവഹണ ചുമതല നിർവഹിച്ചവർ, പ്രൊജക്റ്റ് എഞ്ചിനീയർ എന്നിവരെ മന്ത്രി ആദരിച്ചു.
ഏഴോം ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വികസന വകുപ്പിന്റെ സ്ഥലത്താണ് ഭവന സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.
ഒരു കെട്ടിടത്തിൽ നാല് കുടുംബങ്ങൾക്ക് താമസിക്കാവുന്ന ആറ് ഇരുനില കെട്ടിടങ്ങളാണ് നിർമ്മിച്ചത്. ഒരു ഫ്ലാറ്റിൽ സെൻട്രൽ ഹാൾ, അടുക്കള, രണ്ട് കിടപ്പുമുറി, അറ്റാച്ചഡ് ബാത്റൂം, കുടിവെള്ളം, വൈദ്യുതി കണക്ഷൻ എന്നീ സൗകര്യങ്ങളാണുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ എന്നിവർ മുഖ്യാതിഥികളായി.
പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, യു പി ശോഭ, എൻ വി ശ്രീജിനി, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ സഹീദ് കായിക്കാരൻ, എ വി സുശീല, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ചന്ദ്രൻ, വി പരാഗൻ, എ പി ജയശീലൻ എന്നിവർ പങ്കെടുത്തു
.jpg)

