കണ്ണൂർ ജില്ലയിൽ പുരുഷന്മാരിൽ ശ്വാസകോശ കാൻസർ കൂടുതൽ ; സ്ത്രീകളിൽ സ്തനാർബുദവും വർദ്ധിക്കുന്നു
കണ്ണൂർ: മലബാർ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ നടന്നു വരുന്ന ജനസംഖ്യാധിഷ്ഠിത അർബുദ രജിസ്ട്രിയുടെ ഉപദേശക സമിതി യോഗം എഡിഎം കെ ബാലഗോപാലന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. 2015 മുതൽ 2020 വരെയുള്ള കാലയളവിൽ കണ്ണൂർ ജില്ലയിലെ അർബുദ രോഗികളുടെ കണക്കുകൾ യോഗം വിലയിരുത്തി. മലബാർ അർബുദ രജിസ്ട്രിയുടെ പുതിയ കണക്കുകൾ പ്രകാരം പുരുഷന്മാരിൽ ശ്വാസകോശ കാൻസറാണ് കൂടുതലായി കണ്ടുവരുന്നത്. ആമാശയം, മലാശയം, പ്രോസ്റ്റേറ്റ്, കരൾ എന്നിവിടങ്ങളിലെ അർബുദങ്ങളും പുരുഷന്മാരിൽ കൂടുതലാണ്.
സ്ത്രീകളിൽ സ്തനാർബുദമാണ് ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശ്വാസകോശാർബുദം, അണ്ഡശയ ക്യാൻസർ, ഗർഭാശയ കാൻസർ, തൈറോയ്ഡ് കാൻസർ എന്നിവയും സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു.
ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കണ്ണൂർ ജില്ലയിലെൽ പുരുഷന്മാരിൽ ശ്വാസകോശാർബുദം കൂടുതലാണെന്നും ഇതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പഠനം ആവശ്യമാണെന്നും യോഗം വിലയിരുത്തി. കൂടാതെ കണ്ണൂർ ജില്ലയിലെ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന പ്രധാനപ്പെട്ട അഞ്ച് അർബുദങ്ങളിൽ ശ്വാസകോശാർബുദം ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. അതേസമയം, മുൻവർഷങ്ങളെ അപേക്ഷിച്ച് ഗർഭാശയഗള കാൻസർ കുറഞ്ഞുവരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അർബുദ രോഗങ്ങളുടെ ജില്ലാതല പ്രവണതകൾ മനസ്സിലാക്കുന്നതിനും രോഗബാധയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണ്. അർബുദ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിനും ഇത്തരം പഠനങ്ങൾ സഹായകരമാകുമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ വിവേക് കുമാർ, സാമൂഹ്യനീതിവകുപ്പ് ഓഫീസർ പി ബിജു, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാല സുബ്രമണ്യം, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രതിനിധികൾ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ലബോറട്ടറി സംഘടനകളുടെ പ്രതിനിധികൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
.jpg)

