കണ്ണൂർ ജില്ലാ ആശുപത്രി പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പൈപ്പ് പൊട്ടി വെള്ളക്കെട്ട്, ഡയാലിസിസ് രോഗികളെ താഴെയിറക്കിയത് കോവണി വഴി
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ വെളളക്കെട്ട് കാരണം രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. സ്പെഷ്യാലിറ്റി ബ്ളോക്കിൽ ഡയാലിസിസിനെത്തിയ രോഗികളാണ് സ്റ്റെപ്പുകളിലും സിറ്റൗട്ടിലും വെള്ളം കയറിയതു കാരണം ഏറെ ദുരിതത്തിലായത്. പലരെയും വിൽ ചെയർ വഴി സ്റ്റെപ്പിലൂടെ മൂന്നാം നിലയിൽ നിന്നും താഴെ ഇറക്കിയത്. ഇന്ന് പതിനൊന്ന് മണിയോടെ ഫയർ എസ്ക്യൂവറിൻ്റെ നാലാം നിലയിലെ പൈപ്പ് പൊട്ടിയതു കാരണമാണ് വെള്ളം കുത്തിയൊലിച്ചു ഒഴുകിയത്. ഇതോടെ ഡയാലിസിസ് രോഗികൾ താഴേക്ക് വരാനാവാതെ മുകൾനിലയിലെ കുടുങ്ങി. വാഹന ഡ്രൈവർമാരും ആശുപത്രിയിലെത്തിയവരുമാണ് ഇവരെ താഴെയിറക്കിയത്.

പുതിയ സ്പെഷ്യാലിറ്റി ബ്ളോക്കിൽ റാംപിൽ ഇല്ലാത്തതു കാരണമാണ് ബുദ്ധിമുട്ടിയതെന്ന് ഡയാലിസിസിന് എത്തിയ കാപ്പാട് സ്വദേശിനി ജാനകിയുടെ മകൾ നിമിത പറഞ്ഞു. ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമെന്ന സംശയത്താൽ ജീവനക്കാർകറൻ്റ് ഓഫാക്കി ഇതു കാരണം രോഗികൾക്ക് ലിഫ്റ്റ് ഉപയോഗിക്കാൻ കഴിഞ്ഞില്ല.
ആഴ്ച്ചയിൽ മൂന്ന് തവണ ഡയാലിസിസിന് ഇവിടെ എത്താറുണ്ട്. ഇതു വരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും നിമിത പറഞ്ഞു. ആശുപത്രി സൂപ്രണ്ട് വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തിരമായി അറ്റകുറ്റപണി നടത്തുന്നതിനായി വിദഗ്ധർ എത്തിയിട്ടുണ്ട്.

വളരെ പെട്ടെന്ന് പ്രശ്‌നം പരിഹരിക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 2025 ഓഗസ്റ്റ് 11 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്തത്. കിഫ്ബി ഫണ്ടിൽ നിന്നും 75 കോടി 44. ലക്ഷം വകയിരുത്തിയായിരുന്നു നിർമ്മാണം. ഏഴു മാസം കഴിയുന്നതിനിടെ ജില്ലാ ആശുപത്രി സ്പെഷ്യാലിറ്റി ബ്ളോക്കിൽ പൈപ്പ് പൊട്ടിയതു അശാസ്ത്രീയമായ നിർമ്മാണം കാരണമാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.
.jpg)


