കണ്ണൂര്‍ ജില്ലാ ആശുപത്രി വികസനം : മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ടി ഒ മോഹനൻ

Kannur District Hospital Development: Master Plan to be Prepared, Says T.O. Mohanan


കണ്ണൂർ:കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അഡ്വ. ടി ഒ മോഹനന്‍ എം എല്‍ എ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ നിലവിലുള്ള സൗകര്യങ്ങള്‍, പരിമിതികള്‍, ഭാവി വികസന പദ്ധതികള്‍ എന്നിവ അവലോകനം ചെയ്യുന്നതിനായി ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആതുരാലയമാണിതെന്നും രോഗികളുടെ ബാഹുല്യത്തിന് അനുസരിച്ച് ചികിത്സാ സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയിൽ ഉണ്ടാകണമെന്നും എം എൽ എ പറഞ്ഞു.

 ആധുനിക കെട്ടിടങ്ങള്‍, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തിയ്യറ്ററുകള്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവയെല്ലാം  അത്യാവശ്യമാണ്. ഇതുസംബന്ധിച്ചുള്ള പ്രപ്പോസലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യ ങ്ങൾ ഇനിയും വർദ്ധിക്കേണ്ടതുണ്ട്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം.  ജില്ലാ ആശുപത്രി നേരിടുന്ന പ്രധാന പ്രശ്‌നമാണ് സ്ഥല പരിമിതി. വാഹന പാര്‍ക്കിങ്ങിനും മറ്റും സ്ഥലം ഇനിയും ആവശ്യമാണ്. ഇതു കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ജില്ലാ ആശുപത്രിയുടെ വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ടി ഒ മോഹനൻ എം എല്‍ എ പറഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രി താമസിയാതെ ജില്ലാ ആശുപത്രി സന്ദര്‍ശിക്കുമെന്നും നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും  ടി.ഒ.മോഹനന്‍ എം.എല്‍.എ പറഞ്ഞു.  ട്രോമകെയര്‍ സംവിധാനത്തിന്റെ  വിപുലീകരണം തുടങ്ങിയവ ജില്ലാ ആശുപത്രിയുടെ ലക്ഷ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്‌ന, കൗൺസിലർമാരായ മുഹമ്മദ് ഷിബിൽ, സിറാജുദീൻ മാങ്ങാടൻ, മുൻ ഡെപ്യൂട്ടി മേയർ സി. സമീർ, എം.കെ മോഹനൻ, കല്ലിക്കോടൻ രാഗേഷ്, പി.പി.ദിവാകരൻ  എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ സി.അബൂബക്കര്‍, ആര്‍.സി.എച്ച് ഡി.എം.ഒ ജി.അശ്വിന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജിഫ്രിന്‍ സുരേന്ദ്രന്‍,  ആര്‍.എം.ഒ ഡോ. സുമിന്‍മോഹന്‍  തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, എച്ച്.എം.സി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നും യോഗം അഭിപ്രായങ്ങള്‍ തേടി. ആശുപത്രിയുടെ വികസനത്തിനായി വിശദമായ രൂപരേഖയുണ്ടാക്കാനും യോഗം തീരുമാനിച്ചു.

Tags