ടൂറിസം വികസനം; വൃത്തി സാമൂഹിക ഉത്തരവാദിത്തമാകണം : കണ്ണൂർ ജില്ലാ കളക്ടർ
കണ്ണൂർ : ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ പരിപോഷിപ്പിക്കുന്നതിനായി വൃത്തിയുള്ള പരിസരങ്ങൾ എന്നത് സാമൂഹിക ഉത്തരവാദിത്തമായി ഏവരും ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർ പി വിഷ്ണുരാജ് പറഞ്ഞു. കളം പ്രതിവാര സംവാദപരിപാടിയിൽ കൂത്തുപറമ്പ് ഹൈസ്‌കൂൾ, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരം ഒട്ടുമിക്ക രാജ്യങ്ങളുടെയും പ്രധാനപ്പെട്ട വരുമാനമാർഗ്ഗമായി മാറിയ കാലമാണ്.
യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കുന്നരുടെയും എണ്ണം നാൾക്കുന്നാൾ വർദ്ധിക്കുന്നു. ഈ സാഹചര്യങ്ങളിൽ നിരവധി വിനോദ സഞ്ചാര സാധ്യതകൾ നമുടെ നാടിനുമുണ്ട്. നല്ല ആതിഥേയരായി മാറാൻ നമുക്ക് കഴിയണമെങ്കിൽ വൃത്തിയുള്ള നഗരങ്ങളും ഗ്രാമങ്ങളും ഈ നാടിന്റെ മുഖമുദ്രയാകണം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പരിസരങ്ങൾ, പൊതുഇടങ്ങൾ തുടങ്ങിയവയെല്ലാം വൃത്തിയായി സൂക്ഷിക്കണമെങ്കിൽ ഇതൊരു സാമൂഹിക ഉത്തരവാദിത്തമായി മാറണം.
ഇതിനായുള്ള സ്വയം മാറ്റങ്ങൾ അനിവാര്യമാണ്. മാലിന്യങ്ങൾ തോന്നിയതുപോലെ വലിച്ചെറിയുന്ന ശീലമടക്കം മാറണം. പുനരുപയോഗ മാലിന്യസംസ്‌കരണ രീതികൾ കുട്ടികളടക്കം പിന്തുടരണം. വീടുകളിൽ നിന്നും തുടങ്ങുന്ന ഈ ശീലങ്ങളാണ് സാമൂഹികമാറ്റത്തിനായുള്ള തുടക്കമാകുന്നത്. നഗര ഗ്രാമക്കവലകളെ മാലിന്യമുക്ത മനോഹര കേന്ദ്രങ്ങളായി മാറ്റുന്ന ബീക്കൺ ടൗൺ പദ്ധതിയെല്ലാം ഇതിന്റെ ഭാഗമാണെന്നും ഇതിനായുള്ള കൂട്ടായ്മകൾ വളരണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. അസിസ്റ്റന്റ് കളക്ടർ എസ്.സ്വാതി വിവിധ വിഷയങ്ങളിൽ കുട്ടികളോട് സംവദിച്ചു.
.jpg)


