കണ്ണൂർ ജില്ലാ സിവിൽ സർവീസ് കായിക മത്സരങ്ങൾക്ക് തുടക്കമായി

The Kannur District Civil Service sports competitions have commenced

കണ്ണൂർ: കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീസ് കായിക മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി എം അഖിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം ഡോ. പി പി ബിനീഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ കെ ഷെരീഫ്, എക്‌സിക്യൂട്ടീവ് മെമ്പർ പി നാരായണൻ കുട്ടി, സെക്രട്ടറി എം എ നിക്കോളാസ് എന്നിവർ സംസാരിച്ചു.ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ നൂറുകണക്കിന് സിവിൽ സർവീസ് കായികതാരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഫുട്‌ബോൾ, അത്ലറ്റിക്‌സ് മത്സരങ്ങൾ ജയിൽ ഗ്രൗണ്ടിലും, പവർലിഫ്റ്റിംഗ്, വെയ്റ്റ്ലിഫ്റ്റിംഗ്, കാരംസ്, റെസ്ലിംഗ്, ടേബിൾ ടെന്നീസ്, ബെസ്റ്റ് ഫിസിക്, യോഗ, ചെസ്സ് മത്സരങ്ങൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിലും നടക്കും.

 ഹോക്കി മത്സരം സെന്റ് മൈക്കിൾസ് സ്‌കൂൾ ഗ്രൗണ്ടിലും, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ മത്സരങ്ങൾ കൃഷ്ണ മേനോൻ വനിതാ കോളേജിലുമാണ് നടക്കുക. കബഡി, ഖൊഖൊ മത്സരങ്ങൾ കലക്ടറേറ്റ് മൈതാനത്തും, ടെന്നീസ് മത്സരം ജില്ലാ ടെന്നീസ് അസോസിയേഷൻ ഗ്രൗണ്ടിലും നടക്കും. സർക്കാർ ജീവനക്കാരിൽ കായിക സംസ്‌കാരം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാരുടെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമാണ് ജില്ലാ സിവിൽ സർവീസ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Tags